കവിയും നിരൂപകനുമായ എൻ.കെ. ദേശം അന്തരിച്ചു. 87 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാത്രി 9.30 ഓടെയായിരുന്നു അന്ത്യം. മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എടവിലങ്ങുള്ള മകളുടെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. എൻ. കുട്ടികൃഷ്ണപിള്ള എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.
1973ലാണ് ആദ്യ കവിതാ സമാഹാരമായ അന്തിമലരി പുറത്തിറങ്ങിയത്. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അമ്പത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.സമർഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയിൽനിന്നു വേറിട്ടതാക്കിത്തീർക്കുന്നു. ടാഗോറിന്റെ ഗീതാഞ്ജലിക്ക് എൻ.കെ. ദേശം നടത്തിയ വിവർത്തനം ശ്രദ്ധേയമാണ്.
ഉല്ലേഖത്തിന് 1982-ൽ ആദ്യ ഇടശ്ശേരി അവാർഡ് ലഭിച്ചു. ഓടക്കുഴൽ പുരസ്കാരം, സഹോദരൻ അയ്യപ്പൻ പുരസ്കാരം, വെണ്ണിക്കുളം അവാർഡ്, നാലപ്പാടൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, ആശാൻ സ്മാരക പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം, സഞ്ജയൻ അവാർഡ്, ദാമോദരൻ കാളിയത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദേശം ഹരിശ്രീ അക്ഷരശ്ലോക സമിതി, ശ്രീമൂലനഗരം വെണ്മണി സ്മാരകം, അങ്കമാലി വി.ടി. സ്മാരക ട്രസ്റ്റ് എന്നിവയുടെ സ്ഥാപക പ്രവർത്തകനാണ്.