മലയോര കര്‍ഷകര്‍ക്ക് ആശ്വാസം ; റബ്ബറിന്റെ താങ്ങുവില 10 രൂപ കൂട്ടി 180 ആക്കി

താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്ന് വിമർശിച്ച ധനമന്ത്രി, സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വർദ്ധിപ്പിക്കുകയാണെന്ന് അറിയിച്ചു.

0
187

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര കര്‍ഷകര്‍ക്ക് ആശ്വാസകരമായി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രതീക്ഷ പാലിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കേരളാ കോൺഗ്രസ് എമ്മും ക്രൈസ്തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. നിലവിൽ 170 രൂപയാണ് റബ്ബറിന്റെ താങ്ങുവില. താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും പിന്തുണയുണ്ടായില്ലെന്ന് വിമർശിച്ച ധനമന്ത്രി, സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വർദ്ധിപ്പിക്കുകയാണെന്ന് അറിയിച്ചു.

200 ആക്കിയില്ലെങ്കിലും 180 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി, ധനപ്രതിസന്ധിയുടെ സാഹചര്യത്തിലുള്ള പരമാവധി സഹായമായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര കര്‍ഷക സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിര്‍ണായകമാകുന്നതാണ് ഈ തീരുമാനം. 9.5 ലക്ഷത്തോളം റബർ കർഷകരാണ് സംസ്ഥാനത്തുള്ളത്. 2015-16ൽ ടാപ്പ് ചെയ്യുന്ന റബറിന്റെ വിസ്തീർണ്ണം 2,96,465 ഹെക്ടർ ആയിരുന്നത് 2021-22ൽ 3,55,700 ആയി വർദ്ധിച്ചു. ഉത്പാദനം 4,38,630 ടണിൽ നിന്ന് 5,56,600 ആയും വർദ്ധിച്ചിട്ടുണ്ട്.

അതേസമയം, കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി രൂപയും കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടിയും ക്ഷീര വികസനത്തിന് 150.25 കോടി രൂപയും മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപയും അനുവദിച്ചു.