‘ഇത് ഫോട്ടോഷോപ്പ് അല്ല ഒർജിനലാണ്’ ; വിനീത് ശ്രീനിവാസനൊപ്പമുള്ള വീഡിയോ പങ്കിട്ട് കല്യാണി പ്രിയദർശൻ

നല്ല ഭക്ഷണപ്രേമിയാണ് വിനീത് ശ്രീനിവാസൻ. നല്ല ഭക്ഷണം താൻ ആർക്കും കൊടുക്കില്ലെന്നത് വിനീത് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്.

0
383

മലയാളത്തിലെ താരപുത്രിമാരിൽ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടിയാണ് കല്യാണി പ്രിയദർശൻ. അമ്മയുടെ പാതയിലൂടെ അഭിനയത്തിലേക്ക് എത്തിയ കല്യാണി തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരിടം കണ്ടെത്തി കഴിഞ്ഞു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തെലുങ്കിലാണ് തുടക്കമെങ്കിലും എട്ട് വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ കല്യാണിയുടെ ഏറെയും സിനിമകൾ സംഭവിച്ചിരിക്കുന്നത് മലയാളത്തിലാണ്. ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം. പിന്നീട് മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങി ആന്റണിയിൽ എത്തി നില്‍ക്കുകയാണ് കല്യാണിയുടെ സിനിമാജീവിതം.

തികച്ചും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമായാണ് താരപുത്രി അവതരിപ്പിക്കുന്നത്. മകളുടെ അഭിനയം ശരിയാവുമോ എന്നോര്‍ത്ത് തുടക്കത്തില്‍ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ മകളെക്കുറിച്ച് അഭിമാനമാണെന്ന് പ്രിയദര്‍ശന്നും പറഞ്ഞിരുന്നു. കല്യാണിയുടെ ഏറ്റവും ശ്രദ്ദിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. ഹൃദയത്തില്‍ കല്യാണിയുടെ നായകനായി എത്തിയത് പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു. ഇരുവരുടെയും കോമ്പോ മലയാളികൾക്ക് ഇന്നും ഇഷ്ടമാണ്. ഹൃദയത്തിന് ശേഷം ഇരുവരേയും ഒരുമിപ്പിച്ച് വിനീത് ഒരുക്കുന്ന ചിത്രമാണ് വർഷങ്ങൾക്കു ശേഷം.

ഇപ്പോഴിതാ വിനീതുമായുള്ള കല്യാണിയുടെ സൗഹൃദത്തിന്റെ ആഴം കാണിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് കല്യാണി തന്നെ. വിനീതിനൊപ്പം ഭക്ഷണം കഴിക്കാനായി പോയപ്പോൾ തന്റെ ഭക്ഷണത്തിൽ നിന്നും കുറച്ച് എടുത്ത് കല്യാണിക്ക് നൽകുന്ന വിനീതാണ് വീഡിയോയിലുള്ളത്. ഇത് ഫോട്ടോഷോപ്പല്ല ഒർജിനലാണ് എന്നാണ് വീഡിയോ പങ്കുവെച്ച് കല്യാണി കുറിച്ചത്. വിനീതിനെ അടുത്ത് അറിയാവുന്നവർക്കും അദ്ദേഹത്തിന്റെ സോഷ്യൽമീഡിയയും അഭിമുഖങ്ങളും നിരന്തരമായി ഫോളോ ചെയ്യുന്നവർക്കും അറിയാവുന്ന കാര്യമാണ് വിനീത് ശ്രീനിവാസൻ ഒരു ഭക്ഷണപ്രിയനാണെന്നത്.

തന്റെ ഭക്ഷണം മറ്റൊൾക്ക് വീതിച്ച് കൊടുക്കാൻ ഒട്ടും താൽപര്യം ഉള്ള വ്യക്തിയല്ല വിനീത്. അത്തരമൊരു വ്യക്തിയിൽ നിന്നും തനിക്ക് അൽപ്പം ഭക്ഷണം രുചിച്ച് നോക്കാൻ ലഭിച്ചുവെന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നാണ് വിനീതിന്റെ രസകരമായ വീഡിയോ പങ്കിട്ട് കല്യാണി കുറിച്ചത്. നല്ല ഭക്ഷണപ്രേമിയാണ് വിനീത് ശ്രീനിവാസൻ. നല്ല ഭക്ഷണം താൻ ആർക്കും കൊടുക്കില്ലെന്നത് വിനീത് തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് തനിക്ക് കിട്ടിയത് വളരെ സ്പെഷ്യലാണെന്ന് കല്യാണി പറയുന്നത്.

വർഷങ്ങൾക്കുശേഷമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്ന വിനീത് ശ്രീനിവാസൻ സിനിമ. കല്യാണി പ്രിയദർശനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാൽ നായകനാകുന്ന സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനാണ്. പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.