സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 128.54 കോടി, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ ; ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും പരാമർശം

ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു

0
164

സംസ്ഥാന ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ആര്‍ടിസിക്ക് 128.54 കോടി അനുവദിച്ചു. ബസ് ഇറക്കാന്‍ 92 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനപാത വികസനം- 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, പൊതുപരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്- 50 കോടി, ഉള്‍നാടന്‍ ജലഗതാഗതം- 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം മെട്രോയ്ക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റ് പ്രഖ്യാപനത്തിൽ കെ-റെയിലിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടെന്ന് മന്ത്രി പറഞ്ഞു. വന്ദേഭാരത് വന്നതോടെ കേരളത്തിന്റെ നിലപാട് ശരിയെന്ന് മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടു. വന്ദേ ഭാരത് കാരണം മറ്റ് ട്രെയിൻ യാത്രക്കാർ പ്രതിസന്ധിയിലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരുമെന്ന് ധനമന്ത്രി പറഞ്ഞു.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി അനുവദിച്ചു. 80 കോടി ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും തീരദേശ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടിയും ഫലവര്‍ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കാന്‍ 18.92 കോടി അനുവദിച്ചു. മത്സ്യഫെഡിന് 3 കോടിയും നീണ്ടകര വല ഫാക്ടറിക്ക് 5 കോടിയും വിള ആരോഗ്യ പരിപാലന പദ്ധതിക്ക് 13കോടയും നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിയും പുനര്‍ഗേഹം പദ്ധതിക്ക് 40 കോടിയും മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടിയുമാണ് ബജറ്റില്‍ വകയിരുത്തിയത്.