‘വാനിന്‍റെ മുകളില്‍ കയറി ആരാധകരെ അഭിവാദ്യം ചെയ്ത് വിജയ്, എറിഞ്ഞുകൊടുത്ത ഹാരമണിഞ്ഞ് സെൽഫി’ ; സോഷ്യൽ മീഡിയ കീഴടക്കി വൈറൽ വീഡിയോ

പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് താരത്തെകാണാൻ എത്തിയിരുന്നത്

0
413

തമിഴകത്തെ ഇപ്പോഴത്തെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമാണ് ഇളയ ദളപതി വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം. ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 2 നാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്. നിലവിൽ ചിത്രീകരണത്തിൽ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കുമെന്നും. പിന്നീട് ഒരു സിനിമ കൂടിയെ അഭിനയിക്കുകയുള്ളു എന്നുമാണ് വിജയ് അറിയിച്ചത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദ ​ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിജയ് ഇപ്പോഴുള്ളത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് നമ്മുടെ വിജയ്യുടെ പുതിയ വീഡിയോ. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോ ആണ് വൈറലായി മാറുന്നത്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് താരത്തെകാണാൻ എത്തിയിരുന്നത്. വാനിന്‍റെ മുകളില്‍ കയറിയാണ് വിജയ് ആരാധകരെ കണ്ടത്. പുഷ്​പ വൃഷ്​ടിയോടെയും ഹാരമെറിഞ്ഞുമാണ് ആരാധകര്‍ വിജയ്​യെ സ്വീകരിച്ചത്. ആരാധകർ എറിഞ്ഞുകൊടുത്ത ഹാരവും വിജയ് എടുത്തണിഞ്ഞു. ആരാധകരെ കൈ വീശി കാണിച്ച വിജയ് അവര്‍ക്കൊപ്പം ഒരു സെല്‍ഫി വിഡിയോയും എടുത്തു. എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഈ വീഡിയോ വൈറല്‍ ആയിട്ടുണ്ട്. ഇതിലൂടെ തന്റെ പുതിയ പാർട്ടിക്ക് വേണ്ട ജനപിന്തുണയും താരം നേടിയെടുത്തു കഴിഞ്ഞു.

അതേസമയം, തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു നടന്‍ വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. താരത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും കരിയറിന്റെ ഏറ്റവും പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ വിജയ് പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിച്ചിരുന്നില്ല. ജനുവരി അവസാന ആഴ്ച മുതല്‍ തന്നെ വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ഫെബ്രുവരി 2 ന് രാവിലെ തന്നെ ആരാധകര്‍ക്ക് ആഘോഷത്തിന് തയ്യാറായി ഇരിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചു. മധുരപലഹാരങ്ങളും പടക്കങ്ങളും തയ്യാറാക്കി ആരാധക സംഘടന തയ്യാറായി ഇരുന്നു. ഇതിനിടെ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ പാര്‍ട്ടി രജിസ്ട്രേഷനായി എത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു. അധികം വൈകാതെ ആ വിജയുടെ ആ പ്രഖ്യാപനവും ഉണ്ടായി. താന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു.

അതേസമയം, വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഇപ്പോള്‍ ഡല്‍ഹിയിലുണ്ട്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ്‍യുടെ പാര്‍ട്ടി എന്തുതരം ചലനമാണ് സൃഷ്ടിക്കുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ വൃത്തങ്ങള്‍.‍

അതേസമയം, വെങ്കട് പ്രഭുവാണ് വിജയ്‍യുടെ പുതിയ ചിത്രത്തിന്‍റെ സംവിധാനം. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ 68-ാം ചിത്രമാണ് ഇത്. ജയറാമും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.