‘മിഷൻ സക്സസ്’ ; ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി, ഇനി ബന്ദിപ്പൂരിലേക്ക്‌

രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്.

0
241

മാനന്തവാടി: ഒരു പ്രദേശത്തെയാകെ മുള്‍മുനയിൽ നിര്‍ത്തിയ തണ്ണീർക്കൊമ്പൻ ദൗത്യം വിജയം. തണ്ണീർക്കൊമ്പനെ ലോറിക്കുളളിൽ കയറ്റി ബന്ദിപ്പൂരിലേക്ക് അയച്ചു. വയനാട്ടിൽ ഭീതിവിതച്ച ആനയെ 5.35 ഓടെയാണ് മയക്കുവെടി വെച്ചത്. പി.ടി7, പി.എം2, അരിക്കൊമ്പൻ എന്നിവരേയെല്ലാം പിടികൂടിയ ദൗത്യസംഘം തന്നെയാണ് തണ്ണീർക്കൊമ്പനേയും പിടികൂടിയത്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ തൊട്ടാണ് തണ്ണീർക്കൊമ്പൻ വയനാട്ടിലെ ജനവാസ മേഖലയിലെത്തിയത്. തുടർന്ന് ആനയുടെ ശ്രദ്ധ തിരിച്ചുവിട്ടും, പടക്കം പൊട്ടിച്ചും കാടുകയറ്റാൻ ശ്രമിച്ചുവെങ്കിലും തണ്ണീർക്കൊമ്പൻ പോകാൻ കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടി വെച്ചത്.

വെറ്റിനറി ടീമിന്റെ ഭാഗമായ വിഷ്ണുവാണ് ആദ്യ മയക്കുവെടി വച്ചത്. ഫോറസ്റ്റ് ഓഫീസർ അജയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. ആനയുടെ ഇടത് കാലിന്‍റെ ഒരു ഭാഗത്തായി വീക്കം കാണാനുണ്ട്. ഇത് പരിക്കാണോ എന്ന് സംശയമുണ്ട്. അതിനാൽ ആന ക്യാമ്പിലെത്തി രണ്ട് ദിവസം വിദഗ്ധ ചികിത്സ നൽകാനാണ് തീരുമാനം. വെറ്ററിനറി സർജൻമാരെത്തി ആനയെ വിശദമായി പരിശോധിക്കുമെന്നും ഫീൽഡ് ഡയറക്ടർ വ്യക്തമാക്കി.

അതേസമയം, കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ രം​ഗത്ത് വന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ജനപ്രതിനിധികൾ, നാട്ടുകാർ, മാധ്യമ പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. അഭിനന്ദന കുറിപ്പ് മന്ത്രി ഫേസ്ബുക് പേജിൽ പങ്കുവെച്ചു.