അഞ്ചാം ക്ലാസ് വിദ്യാർത്ഥികളോട് ഹോസ്റ്റൽ വാർഡന്റെ ക്രൂരത ; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത് 5 വിദ്യാർത്ഥികൾ, വാർഡൻ അറസ്റ്റില്‍

ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.

0
140

ഇടുക്കി: സര്‍ക്കാര്‍ ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ആൺകുട്ടികളെ വാർഡൻ പീഡിപ്പിച്ചു. സംഭവത്തിൽ കരുനാഗപള്ളി സ്വദേശി രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ കുട്ടികൾ വാർഡന്‍റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പൊലീസ്, ചൈൽഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സഹായം തേടും.

തൊടുപുഴയിൽ സര്‍ക്കാര്‍ ഹോസ്റ്റലിലാണ് സംഭവം നടക്കുന്നത്. പീഡനവിവരം കുട്ടികൾ ആദ്യം അറിയിച്ചത് ഹോസ്റ്റലിലെത്തിയ പട്ടികവർഗ്ഗ വകുപ്പുദ്യോഗസ്ഥരെയാണ്. ഇത് സ്ഥിരീകരിക്കാൻ വകുപ്പ് പ്രത്യേക കൗണ്‍സിലിംഗ് നടത്തി. ഇതിനുശേഷമാണ് തോടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്.

ഹോസ്റ്റലിലെ അഞ്ചു കുട്ടികളെ ആളില്ലാത്ത സമയത്ത് വാർഡൻ കരുനാഗപ്പള്ളി സ്വദേശിയായ രാജീവ് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പൊലീസ് ഹോസ്റ്റലിലെത്തി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട് . തൊടുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുൻപാകെ കുട്ടികളുടെ രഹസ്യമൊഴിയും രേഖപെടുത്തി. തുടര്‍ന്നാണ് വാർഡന്‍ രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.

കൂടുതല്‍ പേരെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാനായി ഹോസ്റ്റലിലെ എല്ലാവരെയും കൗണ്‍സിലിംഗിന് വിധേയമാക്കണം. അതിനായി കേസുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്ട്ടും രണ്ടു ദിവസത്തിനുള്ളില്‍ ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിക്ക് കൈമാറും. ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും മറ്റു കുട്ടികളെ കൗൺസിലിംഗ് ചെയ്യുക.