ദില്ലി: ജനപക്ഷം നേതാവ് പി സി ജോർജ് ബി ജെ പിയിലേക്ക്. ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ പി.സി ഇന്നലെ ദില്ലിയിലെത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.
ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി പത്തനംതിട്ട ലോക്സഭ സീറ്റില്‍ സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്‍റെ ലക്ഷ്യം. പലവെട്ടം സംസ്ഥാന ബിജെപി നേതാക്കളുമായി ജോര്‍ജ് ചര്‍ച്ചയും നടത്തി. എന്നാല്‍ ഘടകകക്ഷിയായി മുന്നണിയില്‍ എടുത്താല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുളള നേതാക്കള്‍ ഘടകകക്ഷിയായി ജോര്‍ജിനെ മുന്നണിയിലെടുക്കരുത് എന്ന് പറഞ്ഞു. ഇതോടെ പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം കേന്ദ്ര ബിജെപി നേതൃത്വം മുന്നോട്ട് വച്ചു. ഗത്യന്തരമില്ലാതെ ഈ നിര്‍ദേശം അംഗീകരിക്കാന്‍ ജോര്‍ജ് നിര്‍ബന്ധിതനാവുകയായിരുന്നു.
അതേസമയം പിസി ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചാൽ തിരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റംവരുമെന്ന പ്രതീക്ഷയിലാണ് പിസി ജോർജ് അനുകൂലികൾ. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിൽ വ്യക്തിപരമായി ജോർജിന് സ്വാധീനമുണ്ടെന്നുള്ളതും വിജയസാധ്യതയിലേക്കുള്ള മാർഗ്ഗമായി അദ്ദേഹം കരുതുന്നുണ്ട്. ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി പിന്തുണ കൂടി ഉറപ്പാക്കിയാൽ ശക്തമായ ത്രികോണമത്സരം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയും. ത്രികോണ മത്സരത്തിൽ വ്യക്തിപ്രഭാവം കൊണ്ടുതന്നെ വിജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയും പിസി ജോർജ് വച്ചു പുലർത്തുന്നുണ്ട്.