അഹിന്ദുക്കൾ ക്ഷേത്ര ദര്‍ശനത്തിന് സത്യവാങ്മൂലം നല്‍കണം! ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ക്ഷേത്ര കവാടങ്ങളിലും കൊടിമരത്തിന് സമീപവും മറ്റ് പ്രമുഖ സ്ഥലങ്ങളിലും കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്കുള്ള നിയന്ത്രണത്തെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

0
201

ചെന്നൈ: കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കി എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ മതേതര ആവശ്യങ്ങള്‍ക്കായി ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്‍ എടുത്തുകാണിച്ചുകൊണ്ടാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതിയുടെ ഉത്തരവ്.

ക്ഷേത്രം ഒരു പിക്‌നിക്/ ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് വ്യക്തമാക്കിയാണ് തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ ആന്‍ഡ് സിഇ) വകുപ്പിനോട് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇടപെടലുകള്‍ ഇല്ലാതെ മതാചാരങ്ങള്‍ നിര്‍വഹിക്കാനുള്ള ഹിന്ദുക്കളുടെ മൗലികാവകാശമാണ് വിധിയില്‍ ഊന്നിപ്പറയുന്നത്. ഡിണ്ടിഗല്‍ ജില്ലയിലെ പഴനിയിലുള്ള അരുള്‍മിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി സെന്തില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

ക്ഷേത്ര കവാടങ്ങളിലും കൊടിമരത്തിന് സമീപവും മറ്റ് പ്രമുഖ സ്ഥലങ്ങളിലും കൊടിമരത്തിന് അപ്പുറം അഹിന്ദുക്കള്‍ക്കുള്ള നിയന്ത്രണത്തെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഒരു അഹിന്ദുവിന് ഒരു പ്രത്യേക ദേവനെ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവര്‍ ഹിന്ദുമതത്തിലുള്ള വിശ്വാസവും ക്ഷേത്ര ആചാരങ്ങള്‍ അനുസരിക്കാനുള്ള സന്നദ്ധതയും സ്ഥിരീകരിക്കുന്ന ഒരു പ്രതിജ്ഞ നല്‍കണമെന്നും അതില്‍ പറയുന്നു.

‘ഹിന്ദു മതത്തില്‍ വിശ്വസിക്കാത്ത അഹിന്ദുക്കളെ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു. ഏതെങ്കിലും അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ ഒരു പ്രത്യേക ദേവനെ ദര്‍ശിക്കണമെന്ന് അവശ്യപ്പെട്ടാല്‍ പ്രസ്തുത അഹിന്ദുവില്‍ നിന്ന് ഒരു ഉടമ്പടി വാങ്ങണം. അദ്ദേഹത്തിന് ദൈവത്തില്‍ വിശ്വാസമുണ്ട്, അദ്ദേഹം ഹിന്ദു മതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരും, കൂടാതെ ക്ഷേത്ര ആചാരങ്ങളും അനുസരിക്കും തുടങ്ങിയവ വ്യക്തമാക്കുന്ന പ്രതിജ്ഞയായിരിക്കണം അത്. അങ്ങനെ ചെയ്താല്‍ അഹിന്ദുക്കളെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കാം,’ കോടതി വിധിച്ചു.