അതിജീവതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ സർക്കാർ പ്ളീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി

അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0
187

കൊച്ചി: അതിജീവതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഒളിവിലായിരുന്നു മനു. നേരത്തെ ഹൈക്കോടതിയും, സുപ്രിംകോടതിയും മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് അഡ്വ.പി.ജി.മനു. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസിൽ അതിരാവിലെ എത്തിയാണ് കീഴടങ്ങിയത്.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. പത്തുദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. കീഴടങ്ങിയതിനുശേഷം അഭിഭാഷകനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കണമെന്നും അതേദിവസം തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. പി ജി മനുവിനെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമായിരിക്കും അഭിഭാഷകനെ കോടതിയിൽ ഹാജരാക്കുക.

കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. അനുവാദമില്ലാതെ പരാതിക്കാരിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐ ടി ആക്ട് അടക്കം ചുമത്തിയാണ് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എന്നാൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള പെരുമാറ്റം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തൊഴിൽരംഗത്തെ എതിരാളികളുടെ കരുതിക്കൂട്ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് കേസെന്നുമാണ് അഡ്വ. മനുവിന്റെ വാദം. റൂറൽ എസ് പിക്ക് ലഭിച്ച പരാതിയിലാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് മനു ഹെെക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.