‘യഥാർത്ഥ ഭക്തർ ശബരിമലയിൽ ദർശനം നടത്തും, മാല ഊരി തിരികെ പോയത് കപടഭക്തർ’; നിയമസഭയിൽ എം വിൻസെന്റിന് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു.

0
176

യഥാർത്ഥ ഭക്തന്മാർ ആരും മാലയൂരിയോ തേങ്ങയുടച്ചോ ശബരിമലയിൽ ദർശനം നടത്താതെ പോയിട്ടില്ല. കപട ഭക്തന്മാരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്നും പൊലീസ് വളരെ കൃത്യമായി ഇടപെട്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. എം വിൻസന്റ് എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി. ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നു. സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിൻ്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇതിന് ശമനമുണ്ടായെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പലപദ്ധതികൾ ശബരിമലയിൽ നടന്നു വരുന്നു. എന്നാൽ ഭൂമിലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. താമസ സൗകര്യം ഉൾപ്പടെ വികസിപ്പിക്കേണ്ടതായുണ്ട്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതിന് കേന്ദ്രത്തിൻ്റെ സഹായം വേണ്ടതായുണ്ട്. അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ശബരിമലയിൽ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം വേറെയാണ്. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്. ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനെന്നും അദ്ദേഹം പറഞ്ഞു