അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചു; വിശദീകരണവുമായി എ ആർ റഹ്മാൻ

ഗായകൻ ബംബ ബക്യ 2022 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ഷാഹുൽ ഹമീദ് 1997ൽ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്. ഇരുവരുടേയും ശബ്ദം വീണ്ടും കേൾക്കുന്നതിൻ്റെ ആകാംക്ഷയിലാണ് ആരാധകർ.

0
289

ചെന്നൈ: സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ എ ഐ സാങ്കേതിക വിദ്യ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ഉപയോഗിച്ചത് വലിയ വാർത്തയായിരുന്നു. പുതിയ ചിത്രം ലാൽ സലാമിലെ തിമിരി യെഴടാ എന്ന ഗാനത്തിന് വേണ്ടി അന്തരിച്ച രണ്ട് ഗായകരായ ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ റഹ്‌മാൻ എഐ സാങ്കേതിക വിദ്യ പ്രയോഗിച്ചിരുന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

എഐ ടെക്‌നോളജി ഉപയോഗത്തിനെതിരെ പല ആരാധകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എആർ റഹ്‌മാൻ തന്നെ എത്തിയിരിക്കുകയാണ്. ഇതിഹാസ ഗായകരുടെ കുടുംബാംഗങ്ങൾ അനുവാദം വാങ്ങിയെന്നും പ്രതിഫലം അവർക്ക് നൽകിയുമാണ് ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം ഉപയോഗിച്ചത് എന്നാണ് ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ വിശദീകരിക്കുന്നത്.

എആർ റഹ്‌മാന്റെ വാക്കുകൾ ഇങ്ങനെ ‘ഞങ്ങൾ ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങുകയും അവരുടെ വോയ്സ് അൽഗോരിതം ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു ഭീഷണിയും ശല്യവുമല്ല’ – റഹ്‌മാൻ എക്‌സ് പോസ്റ്റിൽ പറയുന്നു.

റഹ്‌മാനുമായൊത്ത് ഗായകൻ ബംബ ബക്യ നിരവധി ഗാനങ്ങളിൽ സഹകരിച്ചിട്ടുണ്ട്. 2022 ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. ഗായകൻ ഷാഹുൽ ഹമീദ് 1997ൽ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്. അതേസമയം എ ഐ ഉപയോഗിക്കുന്ന രീതിയോട് പൂർണ്ണമായും അനുകൂലമല്ല സോഷ്യൽ മീഡിയയുടെ പ്രതികരണം. നിരവധി ഉപയോക്താക്കൾ ഈ രീതി തെറ്റാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്.