ഡൽഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ എക്സില്‍ കുറിച്ചു.
രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യനന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം, മധ്യപ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം നീട്ടുന്നത്. 1977ല്‍ രൂപീകൃതമായ സിമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്.