രാജ്യസഭയിലെ രണ്ട് നോമിനേറ്റഡ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു, ഉഴപ്പൻ മട്ടിൽ കേന്ദ്രം

അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഒരു തടസ്സവുമില്ലെന്നിരിക്കെയാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. ഇത്രയും കാലം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പ്രവണത ഇത് ആദ്യമായാണ്.

0
252

ഡൽഹി: ഒന്നര വർഷത്തിലേറെയായി ആളൊഴിഞ്ഞ് രണ്ട് രാജ്യസഭാ സീറ്റുകൾ. നോമിനേറ്റഡ് അംഗങ്ങൾക്കുള്ള രണ്ട് സീറ്റുകളാണ് കഴിഞ്ഞ ഇരുപത് മാസമായി ഒഴിഞ്ഞു കിടക്കുന്നത്. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കേന്ദ്ര സർക്കാരിന് ഒരു തടസ്സവുമില്ലെന്നിരിക്കെയാണ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്. ഇത്രയും കാലം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന പ്രവണത ഇത് ആദ്യമായാണ്.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയിൽ പ്രാഗത്ഭ്യമുള്ള 12 പേരെ രാഷ്ട്രപതിയാണ് സഭയിൽ നിയമിക്കുന്നത്. ഇവയിൽ ആകെ ഒഴിഞ്ഞു കിടന്ന ഏഴ് സീറ്റുകളിൽ അഞ്ചെണ്ണത്തിലേക്ക് 2022 ജൂലൈ – സെപ്റ്റംബർ മാസങ്ങളിൽ ആളുകളെ നിയമിച്ചിരുന്നു. കായിക താരമായ പി ടി ഉഷ, സാമൂഹിക സേവന പ്രവർത്തകനായ ഡി വി ഹെഗ്ഗാഡെ സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ്, സംഗീത സംവിധായകനായ ഇളയരാജ എന്നിവരെ 2022 ജൂലൈയിലും ഗുലാം അലിയെ 2022 സെപ്റ്റംബറിലും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു.

ഇത്തരത്തിൽ സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് എത്തുന്ന ആളുകൾക്ക് പാർലമെന്റിലെ മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള പോലെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇവർക്ക് സാധിക്കില്ലെങ്കിലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ട്. സഭയിലെത്തി അടുത്ത ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകാനും ഇവർക്ക് സാധിക്കും.

ഇതിന്റെ അടിസ്ഥാനത്തിൽ രാം ശകൽ, രാകേഷ് സിൻഹ, സോണൽ മാൻസിങ്, മഹേഷ്‌ ജെമലാനി ഗുലാം അലി എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ മുൻ ചീഫ് ജസ്റ്റിസായിരുന്ന രഞ്ചൻ ഗൊഗോയി, പി ടി ഉഷ, ഡി വി ഹെഗ്ഗാഡേ, വി വിജയേന്ദ്ര പ്രസാദ്, ഇളയരാജ എന്നിവർ ഒരു പാർട്ടിയിലും ഇതുവരെ അംഗത്വം നേടിയിട്ടില്ല.

കേന്ദ്ര സർക്കാരിന് രാജ്യസഭയിൽ ബില്ലുകൾ പാസ്സാക്കാനാവശ്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തികളുടെ നിലപാട് സുപ്രധാനമായിരിക്കും. ആകെ 245 സീറ്റുകളുള്ള സഭയിൽ നാമനിർദ്ദേശം ചെയ്യേണ്ട വിഭാഗങ്ങളിലെ 2 സീറ്റുകൾ കൂടാതെ 5 സീറ്റുകൾ കൂടി ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിൽ 4 എണ്ണം ജമ്മു – കാശ്മീരിന്റേതും ഒരെണ്ണം രാജസ്ഥാന്റേതുമാണ്.