രൺജിത്ത് ശ്രീനിവാസൻ വധക്കേസ് ; ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’, എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതികൾ ഒരു ദാക്ഷണ്യവും അർഹിക്കുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്.

0
182

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസ് കൊലപാതക കേസിൽ 15 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതികൾ ഒരു ദാക്ഷണ്യവും അർഹിക്കുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്. 15 പ്രതികളും കുറ്റക്കാരെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. രൺജീത്തിന്റെ അമ്മയും ഭാര്യയും മകളും ഉൾപ്പെടെയുള്ള ബന്ധുക്കൾ വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു.

കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. അതേസമയം,​ കേസിലെ പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് പക്ഷാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് SDPI നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശേരി ചിറയിൽ ജസീബ് രാജ,കോമളപുരം തയ്യിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണർകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലയ്ക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.