തിരുവനന്തപുരം: ജനുവരി മാസം ചുട്ടുപൊള്ളി സംസ്ഥാനം. മലയോര മേഖലകളിലുൾപ്പെടെ പകൽ താപനില 32-36 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 33 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. ഈ വർഷം 36 വരെയെത്തി. രാത്രികാലങ്ങളിൽ 23-25 ഡിഗ്രിയാണ് കുറഞ്ഞ താപനില.
ഈ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും (36.2 ഡിഗ്രി), പുനലൂരുമുണ്ട് (36.8). 14 മുതൽ 22വരെ തുടർച്ചയായി രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടത് പുനലൂരാണ്.
ശൈത്യകാലത്ത് പകൽ സമയങ്ങളിലെ കടുത്ത ചൂട് അസാധാരണ സാഹചര്യമാണെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ശൈത്യകാലത്ത് ലഭിക്കേണ്ട തണുപ്പ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ.
ജനുവരിയിൽ ആദ്യ ആഴ്ചകളിൽ ലഭിച്ച മഴയ്ക്കുശേഷം താപനില പെട്ടെന്ന് വർദ്ധിക്കുകയായിരുന്നു. ചൂടു കാരണം പലയിടങ്ങളിലും ജലാശയങ്ങളിലേയും കിണറുകളിലേയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത മാസമെങ്കിലും മഴ പെയ്തില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും എന്ന ആശങ്കയും ഉണ്ട്.