ആസാം യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റെടക്കം വിദ്യാര്‍ത്ഥി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്‌

ബി ജെ പി സർക്കാരിനെതിരെ കോൺഗ്രസ് ഇന്ത്യ മുന്നണിയുമായി പ്രതിരോധം തീർക്കാൻ ശ്രമിക്കുമ്പോഴാണ് പാർട്ടിയിലെ കുട്ടി നേതാക്കൾപോലും കൊഴിയുന്നത്...

0
133

ഗുവാഹത്തി: ആസമില്‍ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കാന്‍ മുന്നോട്ട് വരുന്നുണ്ട്. ലോകസ്ഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ നീക്കം.

ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് നടത്തിയ ചടങ്ങിലാണ് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. മുന്‍ കോണ്‍ഗ്രസ് മന്ത്രി ബിസ്മിത ഗോഗോയ്, ആസാം യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അംഗിത ദത്ത, ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ അധ്യക്ഷന്‍ ദിപാങ്ക കുമാര്‍ നാഥ്, ഉപാധ്യക്ഷന്‍ പ്രകാശ് ദാസ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചത്.

മുന്‍ കോണ്‍ഗ്രസ് നേതാവ് ജിബ കാന്ത ഗോഗോയുടെ മരുമകളാണ് ബിസ്മിത ഗോഗോയ്. മുന്‍ കോണ്‍ഗ്രസ് മന്ത്രി അഞ്ജന്‍ ദത്തയുടെ മകളാണ് അംഗിത ദത്ത. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ശ്രീനിവാസ് ബിവിയ്‌ക്കെതിരെ പരാതി നല്‍കിയ വ്യക്തികൂടിയാണ് അംഗിത. ഇതേത്തുടര്‍ന്ന് ഇവരെ കഴിഞ്ഞ വര്‍ഷമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ഗുവാഹത്തിയിലെ പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കാലിതയും പ്രമുഖ മന്ത്രിമാരും സന്നിഹിതരായിരുന്നു. “കോണ്‍ഗ്രസിലെയും വിദ്യാര്‍ത്ഥി യൂണിയനുകളിലേയും നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും കുറെയധികം പേര്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,” ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കാലിത പറഞ്ഞു.