അലമാര തലയിൽ വീണ് വൃദ്ധക്ക് ദാരുണാന്ത്യം ; മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം

മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.

0
175

തിരുവനന്തപുരം: നീറമൺകരയിൽ അലമാര തലയിൽ വീണ് വൃദ്ധ മരിച്ചു. നീറമൺകര വിനായക ന​ഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്നതായിട്ടാണ് കണ്ടെത്തിയത്.

മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.

വൃദ്ധ വീട്ടിൽ തനിച്ചായിരുന്നു താമസം. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തി ജനൽ വഴി നോക്കിയപ്പോഴാണ് കട്ടിലിൽ, അലമാര വീണ് വൃദ്ധ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.