‘സംസ്ഥാനത്തെ നികുതി ചോർച്ച തടയും’, ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് സംസ്ഥാനങ്ങളെ ബാധിച്ചു ; ധനമന്ത്രി കെഎൻ ബാലഗോപാൽ

കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചെന്നും മന്ത്രി പറഞ്ഞു.

0
152

തിരുവനന്തപുരം : നികുതിവെട്ടിപ്പ് തടയുന്നതിനും കണ്ടെത്തുന്നതിനുള്ള പരിപാടികൾ കാര്യക്ഷമമായി നടന്നുവരുന്നുവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം വെട്ടിച്ച നികുതിയിൽ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചെന്നും മന്ത്രി പറഞ്ഞു.

ഈ സാമ്പത്തിക വർഷം മാത്രമായി 210 കേസുകൾ രജിസ്റ്റർ ചെയ്തു. ഐജിഎസ്ടിയുടെ കാര്യത്തിൽ കേരളം ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും, കിട്ടാനുള്ളത് കൃത്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വർദ്ധിപ്പിക്കാൻ നമുക്ക് അവകാശമില്ല, അതിനധികാരം ഉള്ളത് ജിഎസ്ടി കൗൺസിലിനാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞു.

രണ്ടുവർഷംകൊണ്ട് 4000 കോടിയോളം നികുതി ശേഖരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ശേഖരണമാണ് സംസ്ഥാനം നടത്തിയത്. സംസ്ഥാനങ്ങൾക്ക് അർഹമായ പണം വെട്ടിക്കുറയ്ക്കാനുള്ള ശ്രമം കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. സംസ്ഥാനത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കേന്ദ്ര സർക്കാർ വെട്ടിയ തുക തന്നാൽ പെൻഷൻ 2,500 രൂപയാക്കാൻ സാധിക്കും. ക്ഷേമ പെൻഷൻ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്തതെന്ന് പറയുന്നത് വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. നവംബറിലും ഡിസംബറിലും ജോസഫ് ക്ഷേമ പെൻഷൻ വാങ്ങിയിട്ടുണ്ട്. ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ക്ഷേമ പെൻഷൻ കുടിശിക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി പറയവെയാണ് പെൻഷൻ വർധിപ്പിക്കുന്ന വിവരം അറിയിച്ചത്.