മാലിന്യ സംസ്‌കരണ സ്‌ക്വാഡിൻ്റെ മിന്നൽ പരിശോധന: പിന്നാലെ പിഴയും

പൊതുസ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവടങ്ങളിലേക്ക് മലിന ജലം ഒഴുക്കിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും...

0
116

വയനാട്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയില്‍ വാളാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതായും കത്തിച്ചതായും കണ്ടെത്തി. 5000 രൂപ പിഴ ചുമത്തി.

2023 കേരള പഞ്ചായത്ത് രാജ് ഭേദഗതി നാലാം നമ്പര്‍ ഓര്‍ഡിനന്‍സ്, ഖര മാലിന്യ ചട്ടം 2016 എന്നിവ അനുസരിച്ചാണ് പിഴ ചുമത്തിയത്. മാലിന്യമുക്ത നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി തദ്ദേശഭരണ വകുപ്പ് മാലിന്യ സംസ്‌കരണവുമായി ബഡപ്പെട്ട കേരള പഞ്ചായത്ത് – മുനിസിപ്പാലിറ്റി നിയമഭേദഗതി ഓര്‍ഡിനന്‍സ് അനുസരിച്ചാണ് പരിശോധനകള്‍ ജില്ലയില്‍ ശക്തമാക്കുന്നത്.

മാലിന്യങ്ങള്‍ തരംതിരിച്ച് കൈമാറാതിരിക്കുയോ യൂസര്‍ഫീ നല്‍കാതിരിക്കുകയോ പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുയോ ചെയ്യുന്നതിന് 1000 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കും. പൊതുസ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവടങ്ങളിലേക്ക് മലിന ജലം ഒഴുക്കിവിട്ടാല്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴ നല്‍കണം.

കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാല്‍ 5000 രൂപയും ജലാശയങ്ങളില്‍ വിസര്‍ജ്ജന വസ്തുക്കളോ, മാലിന്യങ്ങളോ ഒഴുക്കിയാല്‍ 10000 രൂപ മുതല്‍ 50000 രൂപ വരെയുമാണ് പിഴ തുക. എന്‍ഫോഴ്സ്മെന്റ് ടീം ഹെഡ് ജോസ് തോമസ്, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ.റഹീം ഫൈസല്‍, ടീം അംഗം എം.ബി ലീബ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ മഞ്ജു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.