ഡൽഹി: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് 19 പാക് മൽസ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യന്‍ നാവികസേന. നാവികസേനയുടെ യുദ്ധകപ്പലായ ഐ എന്‍ എസ് സുമിത്ര കഴിഞ്ഞ 36 മണിക്കൂറിനിടെ നടത്തുന്ന രണ്ടാമത്തെ ആന്റി-പൈറസി ഓപ്പറേഷനാണിത്. 11 സൊമാലിയൻ കടൽക്കൊള്ളക്കാരാണ് പാക് മത്സ്യബന്ധന കപ്പൽ റാഞ്ചിയത്. ഇന്ത്യന്‍ നാവികസേനയുടെ എക്‌സ് അക്കൗണ്ടിൽ ഓപ്പറേഷൻ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കടൽക്കൊള്ളക്കാർ എഫ് വി അല്‍ നയീമി എന്ന മത്സ്യബന്ധന കപ്പലിൽ നുഴഞ്ഞു കയറി, അതിൽ ഉണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. ഇന്ത്യൻ നാവികസേനാക്കപ്പലായ ഐ എൻ എസ് സുമിത്ര അതിവേഗം സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തുകയും ചെയ്തു.
എഫ് വി അല്‍ നയീമി അണുവിമുക്തമാക്കുന്നതിനും കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ ജീവനക്കാരുടെ ആരോഗ്യം പരിശോധിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. ബോട്ടുകള്‍ തട്ടിയെടുത്ത് ചരക്ക് കപ്പലുകളെ ആക്രമിക്കാനുള്ള കടല്‍ക്കൊള്ളക്കാരുടെ നീക്കമാണ് തങ്ങൾ തടഞ്ഞതെന്നും നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെ രാത്രി, കൊച്ചിയിൽ നിന്ന് 700 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി, അറബിക്കടലിൽ വെച്ച് ഇറാന്റെ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ എഫ്‍വി ഇമാനെയും കടല്‍ക്കൊള്ളക്കാരില്‍ നിന്നും ഐഎന്‍എസ് സുമിത്ര രക്ഷിച്ചിരുന്നു. ഇതിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. എഫ്‍വി ഇമാനെ അണുവിമുക്തമാക്കിയതായും നാവിക സേന അറിയിച്ചു.
കടലിലെ എല്ലാ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്രമേഖലയിൽ ഉണ്ടാകുന്ന ഭീഷണികൾളെ നേരിടാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു.