’50 സെന്റ് സർക്കാർ അധിക ഭൂമി കയ്യേറി’ ; മാത്യു കുഴൽനാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്.

0
131

ഇടുക്കി :ഭൂമി കയ്യേറ്റത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിങിന് ഹാജരാകാൻ നോട്ടീസ് നൽകി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തിലുള്ളതിനേക്കാൾ  സർക്കാർ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്. മാത്യു കുഴൽനാടന്റെ കൈവശം ചിന്നക്കനാലിൽ 50 സെൻറ് അധിക ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിന് ശേഷം റവന്യൂ വകുപ്പും ശരി വെച്ചു.

സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ചും തുടർനടപടി ആവശ്യപ്പെട്ടും ലാൻഡ് റവന്യൂ തഹസിൽദാർ ഇടുക്കി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ചിന്നക്കനാലിൽ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാൾ 50 സെന്‍റ് അധികമുണ്ടെന്നാണ് കണ്ടെത്തൽ. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലൻസ് സർവേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സർവേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കർ 23 സെൻറ് ഭൂമിയാണ് മാത്യു കുഴൽനാടന്‍റെ പേരിലുള്ളത്.

ചിന്നക്കനാലിൽ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ തറപ്പിച്ച് പറയുന്നതിനിടെയാണ് റവന്യൂവകുപ്പിന്റെ നടപടി. സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ലെന്നാണ് കുഴൽനാടന്റെ വാദം. സ്ഥലത്തിന് മതിൽ കെട്ടിയത് അടിസ്ഥാനരഹിതമാണ്. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാൻ സംരക്ഷണ ഭിത്തി കെട്ടിയെന്നും മാത്യു കുഴൽനാടൻ വാദിച്ചു.