രോഗികൾ മരുന്ന് ക്ഷാമം നേരിടുന്നില്ല, തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങൾ പിൻവലിക്കണം ; മന്ത്രി വീണാ ജോർജ്

സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്നും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മരുന്നുകൾ ഇപ്രാവശ്യം കൊടുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു

0
208

രോഗികൾ മരുന്ന് ക്ഷാമം നേരിടുന്നില്ലെന്നും വിവിധ സ്കീമുകളിലൂടെ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് മന്ത്രി വീണാജോർജ്ജ്. മരുന്ന് സ്റ്റോക്ക് 30% ആകുമ്പോൾ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി . സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജനറിക് മരുന്നുകൾ മാത്രമെ നൽകാവൂയെന്ന് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന അനൂപ് ജേക്കബിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത് പിൻവലിക്കണം എന്നും മന്ത്രി പറഞ്ഞു. കെ എം സി എൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിൻ്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ആശുപത്രിയിൽ മരുന്നില്ലെന്ന് രോഗി തന്നോട് നേരിട്ട് പറഞ്ഞുവെന്നും എന്നാൽ പരിശോധിച്ചപ്പോൾ ഫാർമസിയിൽ ആ വ്യക്തി പോയിട്ടില്ലെന്ന് മനസ്സിലായി,വസ്തുതാ വിരുദ്ധമായ വാർത്തകളും പ്രചരണങ്ങളുമാണ് ഇതിന് കാരണം എന്നും മന്ത്രി പറഞ്ഞു.

അത്യാവശ്യ മരുന്നുകൾ ആശുപത്രിയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവെന്നും കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ മരുന്നുകൾ ഇപ്രാവശ്യം കൊടുക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു. തൊടുപുഴയിൽ കാരുണ്യ ഫാർമസി തുടങ്ങുമെന്നും മന്ത്രി കൂട്ടിചേർത്തു.