സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം രണ്ടാം ദിവസത്തിലേക്ക് ; ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിന്റെ പ്രധാന അജണ്ട

മതേതര പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കാനാവശ്യമായ സഖ്യം രൂപീകരിക്കണം എന്നാണ് സിപിഐഎം നിലപാട്.

0
197

തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും തുടരും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാനപ്പെട്ട അജണ്ട. മതേതര പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപിയെ തോൽപ്പിക്കാനാവശ്യമായ സഖ്യം രൂപീകരിക്കണം എന്നാണ് സിപിഐഎം നിലപാട്. ഇതിനായി ഓരോ സംസ്ഥാനങ്ങളെയും പ്രത്യേക യൂണിറ്റുകൾ ആയിട്ടാണ് പരിഗണിച്ചിരിക്കുന്നത്.

പാർട്ടി കോൺഗ്രസിൽ ഉണ്ടായ തീരുമാനത്തെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ അഭിപ്രായപ്പെട്ടത്. കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ അവരുമായി ചേർന്ന് മത്സരിക്കുന്നതിനും വിയോജിപ്പില്ല എന്ന് ചർച്ചയിൽ അഭിപ്രായങ്ങൾ ഉണ്ടായി.

സംസ്ഥാനത്ത് നടക്കുന്ന സർക്കാർ – ഗവർണർ പോര് കേന്ദ്ര കമ്മിറ്റി യോഗം ഇന്നോ നാളെയോ ചർച്ച ചെയ്തേക്കും. ഗവർണറെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെടണമോ എന്ന കാര്യത്തിലും സിപിഐഎം കേന്ദ്ര കമ്മിറ്റി ചർച്ചചെയ്യും. നാളെ കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ച ശേഷം ജനറൽ സെക്രട്ടറി മാധ്യമങ്ങളെ കാണുക.

അതേസമയം തമിഴ്നാട്ടിൽ കഴിഞ്ഞതവണ മത്സരിച്ച സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും പാർട്ടി നിലപാടെടുത്തു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ, ചുരു മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മഹാരാഷ്ട്രയിൽ പാൽഗർ, ബിന്തോരി മണ്ഡലങ്ങൾ ആവശ്യപ്പെടും. കോയമ്പത്തൂർ സീറ്റ് കമലഹാസന്റെ പാർട്ടിക്ക് സീറ്റ് വിട്ട് നൽകാനാവില്ല.

എന്നാൽ ഇന്ത്യ മുന്നണി ദേശീയതലത്തിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ സിപിഐഎം തയ്യാറെടുക്കുകയാണ്. രാജസ്ഥാൻ, ബീഹാർ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ സീറ്റ് ആവശ്യപ്പെടും.