കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി കർഷകർ; പാലക്കാട്ട് മോഷണം പോയത് ലക്ഷകണക്കിന് രൂപയുടെ മാങ്ങ

കിലോയ്ക്ക് 160 രൂപ വിലയുള്ള 800 കിലോ മാങ്ങയാണ് കഴിഞ്ഞ ദിവസം മാത്രം വിവിധ തോട്ടങ്ങളിൽനിന്ന് മോഷണം പോയത്.

0
67

പാലക്കാട്: വിപണിയിൽ മാങ്ങയ്ക്ക് വില കൂടുതലുള്ള സമയം കണക്കിലെടുത്ത് പാലക്കാട് മാങ്ങാ മോഷണം നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ലക്ഷകണക്കിന് രൂപയുടെ മാങ്ങയാണ് ഇവിടെനിന്ന് മോഷണം പോയത്. ഇതോടെ പാകമാകാതെ വിളവെടുക്കേണ്ട ദുരവസ്ഥയാണ് ഇവിടുത്തെ കർഷകർക്കുള്ളത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, പട്ടഞ്ചേരി പഞ്ചായത്തുകളിലായി 10,000 ഹെക്ടറിലധികമാണ് മാവിൻതോട്ടമുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ലക്ഷണകണക്കിന് രൂപയുടെ മാങ്ങയാണ് മോഷണം പോയത്. മോഷ്ടാക്കളെ ഭയന്ന് പാകമാകുന്നതിന് മുമ്പ് വിളവെടുക്കുന്നതോടെ ഉണ്ടാകുന്ന നഷ്ടം വേറെയുമാണ്. കിലോയ്ക്ക് 160 രൂപ വിലയുള്ള 800 കിലോ മാങ്ങയാണ് കഴിഞ്ഞ ദിവസം മാത്രം വിവിധ തോട്ടങ്ങളിൽനിന്ന് മോഷണം പോയത്. പാകമെത്തിയ ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാനിരുന്ന മാങ്ങയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.

മോഷണം പതിവായതോടെ പാകമെത്തുന്നതിന് മുമ്പ് മാങ്ങ വിളവെടുത്ത് തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കുറഞ്ഞ വിലയ്ക്ക് നൽകുകയാണ് കർഷകർ ചെയ്യുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. എന്നാൽ മോഷ്ടാക്കളെ സംബന്ധിച്ച് ഇതുവരെ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.

മോഷ്ടാക്കളെ ഭയന്ന് രാത്രിയിൽ തോട്ടങ്ങളിൽ ഉറക്കമൊഴിഞ്ഞ് കാവലിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ. തോട്ടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യവും കർഷകർ ആലോചിക്കുന്നുണ്ട്. പൊീസ് അന്വേഷണം ഊർജിതമായതിനാലും കർഷകരുടെ കാവലും കാരണം കഴിഞ്ഞ ദിവസം മോഷണം ഉണ്ടായില്ല.