`ഗാസയിലുള്ളതും മനുഷ്യരാണ്´: പലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ അന്താരാഷ്ട്ര കോടതി ഇടപെടൽ

തങ്ങളുടെ സായുധ സേനാംഗങ്ങൾ ഗാസയിൽ വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്നും പ്രദേശത്തെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

0
541

ഗാസ മുനമ്പിലെ ആക്രമണത്തിൽ മരണങ്ങളും നാശനഷ്ടങ്ങളും വരുത്തുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. ആക്രമണങ്ങളുടെ പേരിൽ ജനങ്ങൾക്ക് ഗുരുതരമായ ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുന്നത് തടയണമെന്നും കോടതി ഇസ്രായേലിനോട് വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

അതേസമയം ഇസ്രായേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിൽ യുദ്ധം നടക്കുന്ന ഗാസയിൽ വെടിനിർത്തലിന് ഉത്തരവിടുന്നത് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി നിർത്തിവച്ചിരിക്കുകയാണ്. ഗാസ മുനമ്പിലെ സൈനിക നീക്കങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക കോടതിയുടെ വിധി.

തങ്ങളുടെ സായുധ സേനാംഗങ്ങൾ ഗാസയിൽ വംശഹത്യ നടത്തുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കണമെന്നും പ്രദേശത്തെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ഉത്തരവ് നടപ്പിൽ വരുത്തിയത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ യുഎൻ കോടതി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

“ഗാസ മേഖലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യ ദുരന്തത്തിൻ്റെ വ്യാപ്തിയെക്കുറിച്ച് കോടതിക്ക് നന്നായി അറിയാം, തുടർച്ചയായി ഉണ്ടാകുന്ന ജീവഹാനിയിലും മനുഷ്യരുടെ കഷ്ടപ്പാടുകളിലും അതീവ ഉത്കണ്ഠയുണ്ട്,” അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ ജോവാൻ ഡോനോഗ് പറഞ്ഞു.

ഉത്തരവിനോട് പ്രതികരിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേലിനെതിരെയുള്ള വംശഹത്യ കേസിനെ അതിക്രമമെന്നാണ് വിശേഷിപ്പിച്ചത്. ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധമാണെന്നും അതിനായുള്ള നടപടികൾ ഇനിയും തുടരുമെന്നും നെതന്യാഹു പറഞ്ഞതായി എപി റിപ്പോർട്ട് ചെയ്തു.

ജനുവരിയിൽ കോടതിയിൽ നടന്ന വാദത്തിനിടെ, ഗാസയിലെ ഇസ്രായേൽ ആക്രമണം വംശഹത്യ കൺവെൻഷൻ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചിരുന്നു. ഒക്‌ടോബർ ഏഴിന് ഹമാസിൻ്റെ അപ്രതീക്ഷിത ആക്രമണത്തിന് മുമ്പും ഇസ്രായേൽ പലസ്തീനിൽ സൈനിക നടപടികൾ നടത്തിയിരുന്നുവെന്നും ദക്ഷിണാഫ്രിക്കയും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം വംശഹത്യ ആരോപണം നിരസിച്ച ഇസ്രായേൽ തങ്ങൾക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ റദ്ദാക്കണമെന്ന് യു എൻ ഉന്നത കോടതിയോട് ആവശ്യപ്പെട്ടു.