ഗവര്‍ണര്‍ അപമാനം, ചെയ്തത് ക്രിമിനൽ കുറ്റം, ആദരവ് ദൗര്‍ബല്യമായി കാണരുതെന്നും ഇപി ജയരാജൻ

ഗതാഗതം തടസ്സപ്പെടുത്തി. ആരെങ്കിലും ആഭ്യന്തര മന്ത്രിയെ റോഡരികിൽ ഇരുന്നു വിളിക്കുമോ. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവര്‍ണറെ ഇരുത്തണമായിരുന്നു.

0
76

കണ്ണൂര്‍: നിലമേലിൽ റോഡരികിൽ ഇരുന്ന ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് ഇടതുമുന്നണി കൺവീനര്‍ ഇപി ജയരാജൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം കേരളത്തിന്റെ ചരിത്രത്തിൽ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവർണർ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ എന്നും ചോദിച്ചു. ഗവർണർ റോഡരികിൽ തന്നെ ഇരിക്കട്ടെ എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം കണ്ണൂരിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവര്‍ണറെ ഇരുത്തണമായിരുന്നു. പൊലീസിനോട് എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുക്കണം എന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമാണ് ഉള്ളത്? ഗവര്‍ണറാണോ പൊലീസെന്ന് ചോദിച്ച അദ്ദേഹം കേന്ദ്ര അടിയന്തരമായി ഗവർണറെ തിരിച്ചുവിളിക്കണം.

ആദരവ് ദൗർബല്യമായി എടുക്കരുത്. അദ്ദേഹം ചെയ്തത് ക്രിമിനൽ കുറ്റമാണ്. റോഡ് ഉപരോധിച്ചു. ഗതാഗതം തടസ്സപ്പെടുത്തി. ആരെങ്കിലും ആഭ്യന്തര മന്ത്രിയെ റോഡരികിൽ ഇരുന്നു വിളിക്കുമോ. സുരക്ഷ കാറ്റഗറി മാറ്റിയാലും ഒരു കുഴപ്പവും ഇല്ല. ഇതിനു പിന്നിൽ സതീശന്റെ ഉപദേശം ഉണ്ടോ എന്നും നോക്കണം.

‘നാടകം’ ആരോപണം പതിവായി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഗവർണറുടെ നാടകം കൊണ്ട് ഇടതുമുന്നണിക്ക് ജനപിന്തുണ കൂടുമെന്നും ജയരാജൻ പറഞ്ഞു.