ചെന്നൈ: തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കി ഒരു പ്രമുഖ താരം കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുന്നതായി റിപ്പോർട്ടുകൾ. നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വിജയുടെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം ജനറൽ കൗൺസിൽ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് നീക്കം. നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപേയുള്ള ഈ നടപടി തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
വ്യാഴാഴ്ച ചെന്നൈയിൽ നടന്ന ഫാൻസ് സംഘടനയുടെ പൊതുയോഗത്തിൽ കോളിവുഡിലെ മെഗാതാരത്തിന് പാർട്ടി രജിസ്റ്റർ ചെയ്യാനും അതിൻ്റെ അധ്യക്ഷനാകാനും പാർട്ടി നിയമങ്ങൾ തയ്യാറാക്കാനും യോഗം അനുമതി നൽകിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ നേരത്തെ ഏർപ്പെട്ടിരുന്നു.
2018-ൽ തുത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൻ്റെ മുന്നോടിയായിട്ടുള്ള പ്രവർത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സന്ദർശനത്തിനുശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാറിൻ്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വിവിധ രാഷ്ട്രീയ പരിപാടികളിൽ സജീവമാണ്, കൂടാതെ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു.
ഡിസംബറിൽ വെള്ളപ്പൊക്കത്തിൽ തകർന്ന തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ താരം എത്തിയിരുന്നത് വാർത്തയായിരുന്നു.
2026-ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് നടൻ വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിൻ്റെ ഭാഗമായി പാർട്ടി രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കുവാൻ അദ്ദേഹത്തിൻ്റെ ആരാധക കൂട്ടം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.