കരള്‍ ദാനം ചെയ്യാൻ തയ്യാറായി സഹോദരി, ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ ഐശ്വര്യ മടങ്ങി; യുവതിയുടെ മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ഐശ്വര്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

0
137

മംഗളൂരു: കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തിരുന്ന യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പുത്തൂര്‍ നെഹ്റു നഗര്‍ സ്വദേശി ഐശ്വര്യ (29) ആണ് മരിച്ചത്. ഐശ്വര്യയുടെ സഹോദരി അനുഷയുടെ കരള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി ഇരുവരെയും ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ തുടരുന്നതിനിടെ 24-ാം തീയതിയാണ് ഐശ്വര്യയ്ക്ക് ഹൃദയാഘാതമുണ്ടായി മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.

മഞ്ഞപ്പിത്തത്തെ തുടര്‍ന്നാണ് ഐശ്വര്യയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ഐശ്വര്യയുടെ കരള്‍ തകരാറിലാണെന്നും ഉടന്‍ തന്നെ കരള്‍ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചത്. ഐശ്വര്യയ്ക്ക് കരള്‍ ദാനം ചെയ്യാന്‍ മാതാവും സഹോദരിയും തയ്യാറായിരുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഐശ്വര്യയുടെ ചികിത്സയ്ക്കായി 40 ലക്ഷം രൂപ വേണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാൽ മറ്റാരും ആശ്രയമില്ലാത്ത ഈ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത തുകയായിരുന്നു ഇത്. അതിനാൽ കുടുംബം സോഷ്യല്‍ മീഡിയയിലൂടെ സഹായം തേടിയിരുന്നു. അമ്മയും അനുജത്തിയും മാത്രമായിരുന്നു ഐശ്വര്യയുടെ കുടുംബം. പിതാവ് നേരത്തെ മരിച്ചിരുന്നു.