‘ജീവിച്ചിരുന്നപ്പോൾ എനിക്കെതിരെ കെ.എം മാണി ഒന്നും പറഞ്ഞിട്ടില്ല; പറയാനുള്ള കാര്യങ്ങൾ എന്‍റെ പുസ്തകത്തിൽ ഉണ്ടാകും’; രമേശ് ചെന്നിത്തല

കെ.എം മാണിയുടെ അഭിപ്രായമാണോ മാറ്റാരുടെയെങ്കിലും അഭിപ്രായം ആണോ പുസ്തകത്തിൽ ഉള്ളതെന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

0
130

തിരുവനന്തപുരം: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയുടെ ആത്മകഥയിലെ പരാമർശത്തിൽ മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരായ പരാമർശത്തിൽ പുസ്തകമെഴുതി മറുപടി പറയും.. കെ.എം മാണി ജീവിച്ചിരുന്നപ്പോൾ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോൾ പുസ്തകത്തിൽ പറഞ്ഞതിനെ കാര്യമാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എം മാണിയുടെ അഭിപ്രായമാണോ മാറ്റാരുടെയെങ്കിലും അഭിപ്രായം ആണോ പുസ്തകത്തിൽ ഉള്ളതെന്ന് നിങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.എം.മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കെ.എം മാണി പിന്തുണയ്ക്കാത്തിരുന്നതാണ് ബാര്‍കോഴകേസില്‍ തിടുക്കപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നിലെ കാരണം എന്നാണ് കെ.എം മാണിയുടെ ആത്മകഥയിലെ ആരോപണം.

‘ആരോപണം ഉന്നയിച്ചതാരാണ്, സാഹചര്യമെന്താണ് എന്ന കാര്യം രമേശ് ചെന്നിത്തല ആലോചിക്കണമായിരുന്നു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ അഭിപ്രായങ്ങള്‍ക്ക് താന്‍ അത്ര വിലകല്‍പ്പിച്ചില്ല. ഇതായിരിക്കാം ബാര്‍കോഴ കേസിലെ രമേശ് ചെന്നിത്തലയുടെ നിലപാട് രൂപപ്പെടുത്തിയത്. തനിക്കെതിരായ വടിയായി അദ്ദേഹം ആരോപണത്തെ കണ്ടിരിക്കാം, ഇത്തിരി വെള്ളം കുടിക്കട്ടെ ഒരു പാഠം പഠിക്കട്ടെ എന്ന് മനസില്‍ കരുതിരിയിക്കാം’– എന്നാണ് കെ.എം.മാണിയുടെ ആത്മകഥയിലെ ചെന്നിത്തലക്കെിരായ പരാമര്‍ശം.