നവകേരള സദസിലൂട പരിഹാരം: 45 വര്‍ഷം മുൻപ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകർപ്പ് തങ്കമണിക്ക് കെെമാറി

നവകേരള സദസിലൂടെ ഇതേ മണ്ഡലത്തിലെ ഒട്ടേറെ ആളുകളുടെ ആവശ്യങ്ങളാണ് നിറവേറ്റപ്പെട്ടത്.

0
76

തൃശൂര്‍: 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് നവകേരള സദസില്‍ സമര്‍പ്പിച്ച നിവേദനം മുഖേന മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നൂലുവള്ളി സ്വദേശിനിയായ തങ്കമണിക്ക് ലഭ്യമാക്കിയതായി അധികൃതര്‍. കെ കെ രാമചന്ദ്രന്‍ എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് തങ്കമണിയുടെ വീട്ടിലെത്തി കൈമാറി.

‘അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞ ഭര്‍ത്താവ് തൈനാത്തൂടന്‍ വേലായുധന്‍ ഏറെക്കാലം ഈ പ്രമാണം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്നു. 14 സെന്റ് സ്ഥലത്തിന്റെ 80 വര്‍ഷം പഴക്കമുള്ള ആധാരത്തിന്റ പകര്‍പ്പ് നഷ്ടപ്പെട്ടത് 45 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. വേലായുധന്റെ പിതാവ് കൃഷ്ണന് എഴുതി കിട്ടിയ ഭൂമി ആയിരുന്നു 14 സെന്റ് സ്ഥലം. ഇത് വീണ്ടെടുക്കാന്‍ നിരവധി തവണ ബന്ധപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും രേഖകള്‍ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്നാണ് തലോരില്‍ നടന്ന നവകേരള സദസില്‍ അപേക്ഷ സമര്‍പ്പിച്ചത്.’ തുടര്‍ന്ന് നെല്ലായി രജിസ്ട്രാര്‍ ഓഫീസര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ ഫലമായാണ് മൂലാധാരം കണ്ടെത്താന്‍ സാധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ആധാരത്തിന്റെ പകര്‍പ്പ് കൈമാറുന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വാര്‍ഡ് അംഗങ്ങളായ എന്‍ പി അഭിലാഷ്, സീബ ശ്രീധരന്‍ തുടങ്ങിയവരും പങ്കെടുത്തു.

അതോടൊപ്പം നവകേരള സദസില്‍ നിവേദനം നല്‍കിയ കുന്നംകുളം ആനായ്ക്കല്‍ കല്ലയില്‍ വീട്ടില്‍ ഷിബിക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം നിര്‍മ്മിച്ച വീട്ടിലാണ് ഷിബി, ഭര്‍ത്താവ് കുട്ടിരാജ്, മകന്‍ അഭിഷേക് എന്നിവരടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന്റെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ജീവിതമാര്‍ഗം. മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തതു മൂലം റേഷന്‍ സംബന്ധമായ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. മുന്‍ഗണന റേഷന്‍ കാര്‍ഡ് ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

കുന്നംകുളം താലൂക്കില്‍ നിന്നും 89 മുന്‍ഗണനാ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. അതില്‍ 12 കാര്‍ഡുകള്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാക്കി. മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അര്‍ഹരായവര്‍ക്ക് കാര്‍ഡ് വിതരണം ചെയ്യുന്ന ഔപചാരിക ഉദ്ഘാടനം ജനുവരി നാളെ എസി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിക്കും.