ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷ ; നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പാക്കി അമേരിക്ക

ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും.

0
493

വാഷിങ്ടൺ: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക. അലബാമയിലാണ് സംഭവം നടന്നത്. കെന്നഡി യുജിന്‍ സ്മിത്തിനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിച്ചാണ് വിധി നടപ്പിലാക്കിയത്. മനുഷ്യർക്ക് അറിയാവുന്ന ഏറ്റവും വേദനയില്ലാത്തതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണ് നടപ്പാക്കിയതെന്ന് അലബാമ സ്റ്റേറ്റ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു.

രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ 27 സംസ്ഥാനങ്ങളിൽ മാത്രമാണ് വധശിക്ഷ. ബാക്കി 23 സംസ്ഥാനങ്ങളിലും വധശിക്ഷക്ക് നിയമപരമായ അം​ഗീകാരമില്ല. വിഷം കുത്തിവെച്ചാണ് പൊതുവെ യുഎസിലെ വധശിക്ഷകൾ നടപ്പാക്കിയിരുന്നത്. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പിലാക്കിയിട്ടില്ല.

ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. മരണ അറയില്‍ എത്തിക്കഴിഞ്ഞാല്‍, ഒരു റെസ്പിറേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും, ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുത്തുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതി വീഴുകയും ചെയ്യും. അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് 4 മുതല്‍ 6% വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനം മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.അബോധാവസ്ഥയ്‌ക്കൊപ്പം ചിലപ്പോള്‍ അപസ്മാരത്തിലേതുപോലുള്ള അസ്വസ്ഥകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

1988-ൽ വടക്കൻ അലബാമയിൽ പാസ്റ്ററിന്റെ ഭാര്യ എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്. കേസിൽ മറ്റൊരു കുറ്റവാളിയുടെ വധശിക്ഷ 2010ൽ നടപ്പാക്കി. സെനറ്റിനെ 1988 മാർച്ച് 18 ന് അലബാമയിലെ കോൾബെർട്ട് കൗണ്ടിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 കാരിയായ യുവതിയുടെ നെഞ്ചിൽ എട്ട് തവണയും കഴുത്തിന്റെ ഇരുവശത്തും ഒരു തവണയും കുത്തേറ്റതായി കണ്ടെത്തിയിരുന്നു. ഇവരുടെ ഭർത്താവ് ചാൾസ് സെനറ്റ് സീനിയർ, കൊലപാതക അന്വേഷണം തന്നിലേക്കായപ്പോൾ ആത്മഹത്യ ചെയ്തു. 1000 ഡോളർ രൂപ നൽകിയാണ് വാടക കൊലയാളികളെ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വാദം.