കെ-സ്മാർട്ടിലൂടെ സ്മാര്‍ട്ടായി നഗരസഭകള്‍; അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍

ഏപ്രില്‍ ഒന്നോടെ കെ-സ്മാര്‍ട്ട് സംവിധാനം ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാനും സാധിക്കും.

0
149

വയനാട്: പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് നഗരസഭകള്‍. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്ന് നഗരസഭയിലും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന സേവനങ്ങളെ 35 മോഡ്യൂളുകളായി തിരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് കെ-സ്മാര്‍ട്ട് പദ്ധതി.

പ്രവാസികള്‍ ഉള്‍പ്പടെ 24 പേരുടെ വിവാഹ രജിസ്‌ട്രേഷനുകളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നത്. മാനന്തവാടി- 9, കല്‍പ്പറ്റ- 7, സുല്‍ത്താന്‍ ബത്തേരി-8 വിവാഹ രജിസ്‌ട്രേഷനുകളാണ് ചെയ്തത്.

വിദേശത്ത് നിന്നും ലോഗിന്‍ ഐ ഡി ഉപയോഗിച്ച് കെ വൈ സി വെരിഫിക്കേഷനിലൂടെ വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ എത്താതെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ ജനന – മരണ-വിവാഹ രജിസ്ട്രേഷന്‍, ബിസിനസ് ഫെസിലിറ്റേഷന്‍, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മോഡ്യൂള്‍, ബില്‍ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളാണ് കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. പ്രവാസികള്‍ക്ക് നേരിട്ടെത്താതെ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും.

ഏപ്രില്‍ ഒന്നോടെ കെ-സ്മാര്‍ട്ട് സംവിധാനം ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാനും സാധിക്കും. അപേക്ഷയുടെ കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പ്, ഇ-മെയില്‍ എന്നിവയില്‍ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജി ഐ എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ നോ യുവര്‍ ലാന്‍ഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരവും പൊതുജനങ്ങള്‍ക്ക് അറിയാം.