ബംഗ്ലൂരു: ബംഗ്ലൂരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. സംഭവത്തില്‍ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നാലെ മലയാളിയായ പ്രധാനാധ്യാപകൻ തോമസ് ചെറിയാൻ ഒളിവിലാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ശേഷം പ്രിൻസിപ്പൽ ഒളിവിൽപ്പോവുകയായിരുന്നു.
ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ജിയന്ന ആൻ ജിറ്റോ.
ചൊവ്വാഴ്ച ഉച്ചയോടെ കുട്ടി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീണത്. സ്കൂൾ അധികൃതരുടെ വിശദീകരണത്തിൽ വൈരുധ്യമുണ്ടെന്നാണ് രക്ഷിതാക്കളുട ആക്ഷേപം. കുഞ്ഞ് കളിക്കുന്നതിനിടെ വീണ് എന്നാണ് ആദ്യം സ്കൂൾ അധികൃതർ പറഞ്ഞത്. പിന്നെ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണെന്ന് സ്‌കൂളുകാർ മാറ്റി പറഞ്ഞു. കുട്ടി വീണതിന് ശേഷം കൃത്യമായ ചികിത്സ നൽകാനോ മികച്ച ആശുപത്രിയിൽ കൊണ്ടുപോകാനോ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് അച്ഛനമ്മമാർ ആരോപിക്കുന്നത്. പിന്നീട് മാതാപിതാക്കൾ എത്തിയാണ് ബംഗ്ലൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിന് അപ്പോഴേക്ക് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
അതേസമയം, കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ പറയുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിലെത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണതെന്നതും ദുരൂഹമാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു.