കാടിറങ്ങി കരടി ; മയക്കുവെടിവെക്കാൻ പിന്നാലെ വനംവകുപ്പ്, വയനാട്ടിൽ ജാ​ഗ്രതാനിർ​ദേശം

കരടിയെ തുരത്താൻ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

0
142

വയനാട്: കാടിറങ്ങി കരടി വയനാട്ടിൽ ജനവാസ മേഖലയിൽ എത്തിയിട്ട് 65 മണിക്കൂർ പിന്നിട്ടു. കരടി ഇപ്പോൾ കാരക്കാമലയിലാണ് ഉള്ളത്. കരടിയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. അതേസമയം,
കരടിയെ തുരത്താൻ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് നിലവിൽ നല്ല മഞ്ഞാണ്, അത് മാറിയാൽ ഡാർട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് ജനവാസമേഖലയിൽ കരടിയുടെ സാന്നിധ്യം കണ്ടത്. പയ്യമ്പള്ളിയിൽ ആണ് ആദ്യം കണ്ടത്. പിന്നീട് , തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി. കഴിഞ്ഞ ദിവസം കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായാണ് കരടിയെ കണ്ടത്. മയക്കുവെടി വെച്ച് കരടിയെ പിടികൂടാൻ വനംവകുപ്പ് ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.

ഇന്നലെ ഇരുട്ടു വീഴുംവരെ കരടിക്ക് പിറകെയായിരുന്നു ആർആർടി. രാത്രി വൈകി, ചേര്യംകൊല്ലി ഭാഗത്ത് കരടിയുടെ സന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം തുടരുകയാണ്.