മലപ്പുറം: വടക്കാങ്ങര കാളാവിൽ മദ്യപിച്ച് ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവച്ചു. കാറിലിടിച്ചതിനുശേഷം പൊലീസ് വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത് . ഒടുവിൽ മങ്കട പൊലീസെത്തി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഗോപിമോഹനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസ് എടുത്തു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ ഒരു കാറിലിടിച്ചിരുന്നു. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ ഇടിച്ച ശേഷം വേഗത്തിൽ ഓടിച്ച ജീപ്പ് മറ്റൊരു ബൈക്കിനേയും ഇടിക്കാൻ ശ്രമിച്ചിരുന്നു. ഈ ബൈക്ക് യാത്രികനും മറ്റ് നാട്ടുകാരും ചേർന്നാണ് ജീപ്പ് വളഞ്ഞ് ഉദ്യോഗസ്ഥനെ പുറത്തിറക്കിയത്.
നാട്ടുകാര്‍ കൂടി പരിശോധിച്ചപ്പോള്‍ പൊലീസ് വാഹനത്തിനുള്ളില്‍ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഗോപിമോഹന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മങ്കട പൊലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.