മക്കൾ ഉപേക്ഷിച്ചു, അന്നക്കുട്ടി മരിച്ചത് അനാഥയായി; മകനെയും മകളെയും സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിടും

കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. സജി കളക്ഷൻ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

0
174

കുമളി: വയോധികയായ അന്നക്കുട്ടി അനാഥയായി മരണപ്പെട്ട സംഭവത്തിൽ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് വിവരം. അന്നക്കുട്ടിയെ ഉപേക്ഷിച്ച മകനും മകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിലാണ് മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.

കുമളി പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. സജി കളക്ഷൻ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന.

മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി പൊലീസ് അറിയിച്ചു. മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും വലർത്തുനായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്‌കാരത്തിന് മുൻപ് കുമളി ബസ്റ്റാന്റിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു.