പകൽ കറങ്ങിനടന്ന് വീടുകൾ കണ്ട് വെക്കും, രാതി മോഷണം ; കുപ്രസിദ്ധ അടയ്ക്കാ മോഷ്ടാക്കളെ പിടികൂടി പൊലീസ്

നവംബർ 6 ന് ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ നിന്ന് പ്രതികൾ 300 കിലോഗ്രാം അടയ്ക്ക മോഷ്ടിച്ചിരുന്നു.

0
135

പാലക്കാട്: തൃത്താലയിലെ കുപ്രസിദ്ധ അടയ്ക്കാ മോഷ്ടാക്കളെ പിടികൂടി പോലീസ്. പൊന്നാനി വെളിയംകോട് സ്വദേശി ഷാജഹാൻ, തൃശൂർ കലൂർ സ്വദേശി സുബൈർ എന്നിവരാണ് പിടിയിലായത്. പകൽ സ്കൂട്ടറിൽ ഗ്രാമീണ മേഖലകളിൽ കറങ്ങി നടന്ന് പ്രതികൾ വീടുകൾ കണ്ടെത്തും. ശേഷം രാത്രിയിൽ കാറിലെത്തിയാണ് മോഷണം. മോഷ്ടിച്ച അടയ്ക്ക വിവിധ മാർക്കറ്റുകളിലെത്തിച്ച് വിൽപന നടത്തും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

നവംബർ 6 ന് ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ നിന്ന് പ്രതികൾ 300 കിലോഗ്രാം അടയ്ക്ക മോഷ്ടിച്ചിരുന്നു. ചോലക്കൽ ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ പന്ത്രണ്ട് ചാക്കുകളിലാക്കി ഉണക്കി സൂക്ഷിച്ചിരുന്ന അടയ്ക്കയാണ് അർദ്ധ രാത്രിയിൽ കാറിലെത്തിയ പ്രതികൾ മോഷ്ടിച്ചത്. അര ലക്ഷത്തിലേറെ വിലവരുന്ന അടയ്ക്കകളാണ് മോഷ്ടിച്ചത്.

മറ്റൊരു അടയ്ക്കാ മോഷണ കേസിൽ തൃശൂർ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃത്താല മലമക്കാവിലും ഇവരാണ് മോഷണം നടത്തിയതെന്ന വിവരം പുറത്ത് വരുന്നത്. തുടർന്ന് തൃശൂർ പൊലീസ് രണ്ട് പ്രതികളെയും തൃത്താല പൊലീസിന് കൈമാറി. തൃത്താല പൊലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി.