വിലയ്ക്കെടുത്ത മാധ്യമങ്ങളെ ‘ദേശാഭിമാനി’ ഓർമ്മപ്പെടുത്തി, ഇത് ‘വോട്ട് പ്രതിഷ്ഠ’ തന്നെ; സമൂഹ മാധ്യമങ്ങളിലും കൈയ്യടി

ഇന്ന് മനോരമയുടേയും മാതൃഭൂമിയുടേയും പത്രം നിറയെ കുത്തിനിറച്ചിരിക്കുന്നത് മോദിയുടെ 'രാമലീല'കളാണ്. പാർലമെൻ്റ് മന്ദിരം മത പണ്ഡിതന്മാരെക്കൊണ്ടും രാമക്ഷേത്രം പ്രധാനമന്ത്രിയെക്കൊണ്ടും വരെ ഉദ്ഘാടിക്കുന്ന വിരോധാഭാസത്തിനും, ഇന്ത്യ വിറങ്ങളിച്ച് നോക്കിനിന്ന നര നായാട്ടിനും, സംഘപരിവാറിൻ്റെ വംശീയ പേക്കൂത്തിനും കൂടിയാണ് നമ്മുടെ മാധ്യമങ്ങൾ കൈയ്യടിച്ചത്.

0
227

റിയ തോമസ്

എത്ര വേഗവും എത്ര മനോഹരവുമായുമാണ് ഇന്ത്യയിലെ മാധ്യമങ്ങൾ രാമക്ഷേത്രത്തെ ഏറ്റുവാങ്ങിയത്. ബാബറിയുടെ അവശേഷിപ്പുപോലുമില്ലാതെയാണ് ഇന്നത്തെ ദിനപ്പത്രങ്ങൾ വീട്ടുമുറ്റത്തെത്തിയത്. രാമനാമം ചൊല്ലിയും ജയ് ശ്രീ റാം വിളികളുമാണ് സാംസ്കാരിക കേരളത്തിൻ്റെ അച്ചുകൂടങ്ങൾ പോലും സ്വീകരിച്ചത്. ഒരു മനുഷ്യൻ്റെ സ്വകാര്യതയിലേയ്ക്ക് ഒരുളുപ്പും കൂടാതെ ഇടിച്ചുകയറുന്ന മാധ്യമ ധർമ്മം എന്തെളുപ്പമാണ് ചരിത്രം പോലും അവഗണിച്ച് ഗോദി മീഡിയ വിളികളെ അഭിമാന പൂർവ്വം നെഞ്ചേറ്റിയത്.

ഇവിടെ വ്യത്യസ്തമാകുകയാണ് ‘ദേശാഭിമാനി’. ഈ പത്രം ആരു വായിക്കാൻ എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദേശാഭിമാനിയുടെ തലക്കെട്ട് ചർച്ചചെയ്യുകയാണ്. വ്യക്തമായ രാഷ്ട്രീയം കൃത്യമായ തലക്കെട്ടിൽ അച്ചടിച്ച ഒരേയൊരു മലയാള പത്രമേയുള്ളൂ, അത് ദേശാഭിമാനിയാണ്. വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മുന്നിലൂടെയാണ് ദേശാഭിമാനിയും ഇടതുപക്ഷവും തങ്ങളുടെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിയത്.

അയോധ്യയിൽ നടക്കുന്നത് രാമക്ഷേത്ര പ്രതിഷ്ഠയാണെന്ന് കരുതിയാൽ നിഷ്ക്കളങ്കരേ നിങ്ങൾക്ക് തെറ്റി, അത് വോട്ട് പ്രതിഷ്ഠ തന്നെയെന്ന ഉറച്ചു പറയാൻ ധൈര്യം കാണിച്ചു ദേശാഭിമാനി. ഇന്ന് മനോരമയുടേയും മാതൃഭൂമിയുടേയും പത്രം നിറയെ കുത്തിനിറച്ചിരിക്കുന്നത് മോദിയുടെ ‘രാമലീല’കളാണ്. അവിടെയൊരു പള്ളി ഉണ്ടായിരുന്നില്ലേ എന്ന ചോദ്യമൊന്നും ഈ മാധ്യമ തലയ്ക്കകത്തു വന്നില്ലെന്നത് വേദനാജനകമാണ്. പാർലമെൻ്റ് മന്ദിരം മത പണ്ഡിതന്മാരെക്കൊണ്ടും രാമക്ഷേത്രം പ്രധാനമന്ത്രിയെക്കൊണ്ടും വരെ ഉദ്ഘാടിക്കുന്ന വിരോധാഭാസത്തിനും, ഇന്ത്യ വിറങ്ങളിച്ച് നോക്കിനിന്ന നര നായാട്ടിനും, സംഘപരിവാറിൻ്റെ വംശീയ പേക്കൂത്തിനും കൂടിയാണ് നമ്മുടെ മാധ്യമങ്ങൾ കൈയ്യടിച്ചത്.

“വോട്ട് പ്രതിഷ്ഠ
അതിലപ്പുറം കൃത്യമായ ഒരു വാക്കില്ല.
അതിലപ്പുറം കൃത്യമായ ഒരു രാഷ്ട്രീയമില്ല.
അതിലപ്പുറം കൃത്യമായ ഒരു ചെറുത്ത് നില്പില്ല.
ഈ പ്രഭാതം ദേശാഭിമാനിയുടേത് ❤” ബഷീർ വള്ളിക്കുന്നിൻ്റെ പോസ്റ്റാണിത്. ഈ മോദി മാധ്യമ അജണ്ടയ്ക്കു മുന്നിൽ തല കുനിക്കാത്ത ദേശാഭിമാനിക്ക് കൈയ്യടിക്കുകയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയും.