എംഎസ്എഫിന് തിരിച്ചടി; തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, മുഴുവൻ സീറ്റിലും ജയം

ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു.

0
223

മലപ്പുറം: തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. നേരത്തെ നടന്ന തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളിലെ എസ് എഫ്‌ഐ വിജയം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ വീണ്ടും ഇലക്ഷന്‍ സംഘടിപ്പിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു.

എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. മതിയായ കാരണങ്ങള്‍ ഇല്ലാതെ നാമനിര്‍ദ്ദേശ പത്രിക തള്ളി എന്നാരോപിച്ചായിരുന്നു ഹര്‍ജി. നാമനിർദ്ദേശ പത്രിക തള്ളാൻ അധികൃതർ പറഞ്ഞ കാരണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. സർവകലാശാലയിലെ 9 ജനറൽ സീറ്റുകളിലും, 11 അസോസിയേഷൻ സീറ്റുകളിലും, സെനറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.