കുടുംബവഴക്ക് ; 4 മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് അമ്മ, പോലീസ് സ്റ്റേഷനിലെത്തി തിരികെ വാങ്ങി അച്ഛൻ

അടുത്തിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയി. തുടർന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു

0
171

കോയമ്പത്തൂർ: കുടുംബവഴക്കിനെ തുടർന്ന് 4 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബസിൽ ഉപേക്ഷിച്ചു. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ബസിൽ കയറിയ യുവതി കുഞ്ഞിനെ മറ്റൊരാളുടെ പക്കൽ പിടിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് അടുത്ത സ്റ്റോപ്പിൽ യുവതി ഇറങ്ങിപ്പോയി. പിന്നീട് പോലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളിയായ അച്ഛൻ എത്തി. തൃശൂർ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരിൽ എത്തിയാണ് കുഞ്ഞിനെ ‌സ്വീകരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് സംഭവം നടക്കുന്നത്. തിരക്കേറിയ സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി കയറിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കോയമ്പത്തൂരിലെത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു.

തൃശൂർ സ്വദേശിയും യുവതിയും തമ്മിൽ പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ ബന്ധുക്കൾ പ്രണയത്തെ എതിർത്തിരുന്നു. വിവാഹിതരായ ഇവർ കോയമ്പത്തൂരിൽ താമസിച്ചുവരവെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്. വിവാഹം നടന്ന് തൊട്ടുപിന്നാലെ യുവാവിന്റെ അച്ഛൻ മരിച്ചു. മരണത്തിന് കാരണം പെൺകുട്ടിയാണ് എന്ന് പറഞ്ഞ് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു.

അടുത്തിടെയുണ്ടായ വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയി. തുടർന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. കുഞ്ഞിന്റെ അച്ഛൻ കുഞ്ഞിനെ തിരികെ കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ ഇരുവീട്ടുകാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.