തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മികച്ച കായിക സംസ്കാരം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വെൽനെസ് ആന്റ് ഫിറ്റ്നസ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് സമ്മിറ്റ് കേരള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഒരു കായിക നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും സ്പോര്‍ട്സ് എക്കണോമി എന്നത് ഭാവന സമ്പന്നമായ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക സമ്പദ് വ്യവസ്ഥ വലിയതോതിൽ മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. എല്ലാവരും ഒരേ മനസോടെ മുന്നോട്ട് വന്നാൽ നമ്മൾ മുന്നോട്ട് വച്ച ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക മേഖലയ്ക്കുള്ള ഒട്ടേറെ ലക്ഷ്യങ്ങള്‍ ഈ സമ്മിറ്റിന്റെ ഭാഗമാണ്. കായിക സമ്പദ് വ്യവസ്ഥ വലിയതോതില്‍ മെച്ചപ്പെടുത്താന്‍ കഴിയും. പ്രാദേശിക കായിക ഇനങ്ങളുടെ പ്രധാന്യങ്ങള്‍ ഈ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. ഇതിന് ഏറ്റവും അനുകൂലമായ സാഹചര്യം ഉള്ളത് നമ്മുടെ സംസ്ഥാനത്താണ്. എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് വന്നാല്‍ നമ്മള് മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫുട്ബോൾ ലോകകപ്പ് സമയത്ത് കേരളത്തിൻറെ ആരാധക പിന്തുണയ്ക്ക് അർജൻറീനയും ഖത്തറും നന്ദി പറഞ്ഞത് ഓർക്കേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗര ഗ്രാമ വ്യത്യാസമില്ലാതെ മലയാളികൾ കായികനങ്ങളെ പ്രോത്സാഹിപ്പിക്കുകയും കളിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ മികച്ച കായിക സംസ്ക്കാരം നിലനിർത്തുന്നത് കേരളത്തിലാണ്. എന്നാല്‍ ചില പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. അത് നാം തിരിച്ചറിയണം. ഒരു കാലത്ത് മുന്‍നിരയില്‍ ഉണ്ടായിരുന്ന പല കായിക ഇനങ്ങളിലും നാം പിന്നില്‍ പോയി. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഷ്കരണ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായിക പ്രവര്‍ത്തനത്തെ ഒരു ജനകീയ പ്രവര്‍ത്തനമായി പരിഗണിക്കുന്നു. കായിക വ്യായാമ സാക്ഷരത വര്‍ധിപ്പിക്കും. അതിനായി തദ്ദേശ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും. കായിക മേഖലയിലെ പുതിയ ചുവടുവെയ്പ്പാണ് ഈ സമ്മിറ്റെന്നും നാടിനാകെ പ്രയോജനമാകുന്ന തരത്തിലാണ് കായിക നയം രൂപപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ വെച്ച് കെസിഎ ഭാരവാഹികൾ സംസ്ഥാനത്ത് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ മുഖ്യമന്ത്രിക്ക് കൈമാറി. നെടുമ്പാശേരിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയാണിത്.