വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ആദര്‍ശം കുഴിച്ചുമൂടി; വിമർശിച്ച് വെള്ളാപ്പള്ളി

വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിനായി ആദര്‍ശങ്ങള്‍ കുഴിച്ചുമൂടി എല്ലാ പാര്‍ട്ടികളും അധികാരക്കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

0
125

കോട്ടയം: കോണ്‍ഗ്രസിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് തങ്ങളുടെ ആദര്‍ശം കുഴിച്ചുമൂടിയെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം വെക്കത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

‘രാമക്ഷേത്രത്തില്‍ തിരി തെളിയുകയാണ്. അവിടെ പോകണമോ എന്ന കാര്യത്തില്‍ ഒരു അഭിപ്രായം പറയാന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്ന കോണ്‍ഗ്രസിന് എത്ര കാലമെടുത്തു. അഭിപ്രായം പറയാന്‍ അവര്‍ക്ക് നട്ടെല്ലില്ലാതെ പോയതല്ല. പക്ഷേ, വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കണമെങ്കില്‍ ആരുടെ വോട്ട് വേണം?’.

ഇതെല്ലാം പറയുമ്പോള്‍ താന്‍ ജാതിയും വര്‍ഗീയതയും പറയുകയാണെന്ന് പറയും. എന്നാല്‍, താന്‍ പറയുന്നത് യാഥാര്‍ഥ്യമാണ്. ആ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതിനായി ആദര്‍ശങ്ങള്‍ കുഴിച്ചുമൂടി എല്ലാ പാര്‍ട്ടികളും അധികാരക്കസേര ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിച്ച് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ക്രിസ്ത്യാനികൾക്ക് ക്രിസ്തുവും, മുസ്ലീങ്ങൾക്ക് പ്രവാചകനും ദൈവമാണെങ്കിൽ ഹിന്ദുക്കൾക്ക് രാമൻ ദൈവമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പുമിട്ടു. രാമക്ഷേത്രം പണിയുകയെന്നത് ഹിന്ദുക്കളുടെ വികാരമാണെന്ന അഭിപ്രായവും അന്നദ്ദേഹം പങ്കുവെച്ചത്. ഇതിനെതിരെ ഒട്ടേറെ ആളുകൾ തന്നെ രംഗത്തുവന്നിരുന്നു. ഇപ്പോൾ ിതേ നാണയത്തിൽ തന്നെ കോൺഗ്രസിനെ വിമർശിക്കാൻ എന്ത് അർഹതയെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

വിശ്വാസമുള്ളവർ ജാതിമതഭേദമെന്യേ ജനുവരി 22ന് ദീപം തെളിയിക്കണമെന്ന് വെള്ളാപ്പള്ളി ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൈന്ദവ മനസ്സുള്ളവർ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ പിന്തുണയ്ക്കും. സിപിഎം പങ്കെടുക്കില്ലെന്ന് നേരത്തേ തീരുമാനിച്ചു. എന്നാല്‍ കോൺഗ്രസ് തീരുമാനമെടുക്കാൻ എന്തുകൊണ്ടാണ് വൈകിയത്? വെള്ളാപ്പള്ളി ചോദിച്ചു.

സമവായത്തിലൂടെയാണ് സുപ്രീംകോടതിയിൽ നിന്ന് ബാബരി കേസ് വിധി വന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിൽ മതവിദ്വേഷം കുത്തിയിളക്കി ചിലർ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.