അയോദ്ധ്യ രാമപ്രതിഷ്‌ഠ ദിനത്തിൽ ‘സ്‌കൂളിന് അവധി നൽകിയ സംഭവം ; 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ നിർദേശിച്ച് മന്ത്രി വി.ശിവൻകുട്ടി

അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

0
256

തിരുവനന്തപുരം: അയോദ്ധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് കാസർകോട് കുട്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണവുമായി സർക്കാർ. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര്‍ സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് വിവാദമായിരുന്നു. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് ഹെഡ്മാസ്റ്റര്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയത്. എന്നാൽ അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്‍ വിശദീകരിക്കുന്നത്.

ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കുമെന്നും ഡിഇഒ വ്യക്തമാക്കിയിരുന്നു. സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.