വയർ വീർത്ത് മിനിറ്റുകൾക്കുള്ളിൽ വീഴുന്നു ; കറവപ്പശുക്കൾ കൂട്ടത്തോടെ ചാകുന്നു, ആശങ്കയോടെ ക്ഷീര കർഷകർ

വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഗ്യാസിനുള്ള മരുന്ന് കൊടുത്തു. എന്നാൽ ഡോക്ടർ എത്തും മുമ്പേ തന്നെ പശു ചാവുകയായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു.

0
180

ആലപ്പുഴ : ഹരിപ്പാട് മേഖലയിൽ കറവപ്പശുക്കൾ കൂട്ടത്തോടെ ചാകുന്നതിൽ ക്ഷീര കർഷകർ ആശങ്കയിൽ. വയർ വീർത്ത് ശ്വാസം കിട്ടാതെയാണ് പശുക്കൾ ചാവുന്നത്. കഴിഞ്ഞ ദിവസം ക്ഷീര കർഷകയായ ഹരിപ്പാട് പിലാപ്പുഴ പനങ്ങാട്ടേത്ത് ജയശ്രീയുടെ പശുക്കളിൽ ഒരെണ്ണത്തിന് തീറ്റയും കൊടുത്ത് കറവയും കഴിഞ്ഞ് 2 മണിക്കൂർ കഴിഞ്ഞപ്പോൾ വയറു വീർത്ത് ശ്വാസം കിട്ടാതെ ചത്തു. ദിനംപ്രതി 10 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് ചത്തത്.

കഴിഞ്ഞ ജൂലൈ മാസത്തിൽ ഇവരുടെ 12 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവും ഇതേ അവസ്ഥയിൽ ചാത്തിരുന്നു. കഴിഞ്ഞ മാസം കുമാരപുരം കാട്ടിൽ മാർക്കറ്റിൽ വിശപ്പുല്ല് കഴിച്ച് വയറു വീർത്ത് പശുക്കൾ ചത്തിരുന്നു. ശേഷിച്ച അസുഖം ബാധിച്ച പശുക്കളെ അഹോരാത്രം പ്രയത്നിച്ചാണ് വെറ്ററിനറി ഡോക്ടറന്മാരുടെ സംഘം രക്ഷിച്ചെടുത്തത്. ചത്ത പശുക്കളെ മറവു ചെയ്യാൻ വലിയ തുകകളാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

പശുക്കൾ ഇങ്ങനെ അപൂർവ്വ രോ​ഗം ബാധിച്ച് ചാവുന്നതോടെ പാൽ വിറ്റ് ഉപജീവനം കഴിയുന്ന ക്ഷീരകർഷകർ ആശങ്കയിലായിരിക്കുകയാണ്. ഇതോടൊപ്പം സാമ്പത്തിക ബാധ്യതയും ഏറുന്നതായി കർഷകർ പറയുന്നു. ഒന്നിലിധികം പശുക്കളെ വളർത്തുന്ന സാധാരണ കർഷകർ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്തു ഇൻഷൂർ ചെയ്യാറുമില്ല.