ഉത്സവത്തിനിടെ ആന ഇടഞ്ഞത് രണ്ടിടത്ത് ; വാദ്യ കലാകാരന്റെ മുഖത്ത് നാല് തുന്നൽ, നിരവധി പേർക്ക് പരിക്ക്

ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും തകർത്തു.

0
210

കുന്നംകുളം അഞ്ഞൂർ പാർക്കാടി പൂരത്തിനിടെയും, കോഴിക്കോട് കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയും ആനകൾ ഇടഞ്ഞു. തിരക്കിൽപ്പെട്ട് നിരവധിപേർക്ക് പരിക്കേറ്റു. അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ അഞ്ചരയോടെയായിരുന്നു സംഭവം. പാർക്കാടി അമ്പലത്തിന് സമീപത്ത് വെച്ചാണ് തൊഴാൻ വരുന്നതിനിടെ ആന ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവർ ചിതറിയോടി. നിമിഷങ്ങൾക്കകം ആന ശാന്തനായി. തിരക്കിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശിയും വാദ്യ കലാകാരനുമായ കരുമത്തിൽ വീട്ടിൽ ബാലകൃഷ്ണൻ നായരുടെ മകൻ 46 വയസുള്ള വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വേണുഗോപാലിന് മുഖത്ത് നാല് തുന്നലുണ്ട്. ആസ്നിയ തിരക്കിൽപ്പെട്ട് തലകറങ്ങി വീഴുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ഇന്നലെ അർധരാത്രിയോടെയാണ് ആന ഇടയുന്നത്. ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം ആക്രമാസക്തനാവുകയായിരുന്നു. ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം ക്ഷേത്ര പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്കുകാലുകളും തകർത്തു.

പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും എലിഫൻ്റ് സ്ക്വാഡിന്റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായാണ് ആനയെ തളക്കാൻ സാധിച്ചത്.