ക്ഷേത്രദർശനത്തിനെത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ് അസം പൊലീസ് ; ക്ഷേത്രത്തിന് മുൻപിൽ നാടകീയ രംഗങ്ങളുമായി കോൺ​ഗ്രസ്

‘ആർക്കൊക്കെ ക്ഷേത്രം എപ്പോൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി മോദി ഇനി തീരുമാനിക്കുമോ?’ എന്നും രാഹുൽ ഗാന്ധിചോദിച്ചു.

0
202

അസമില്‍ ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ പൊലീസ് തടഞ്ഞു. സാമൂഹിക പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബടദ്രവ സത്ര ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് തടഞ്ഞത്. ഇതേതുടർന്ന് ക്ഷേത്രത്തിന് മുന്നില്‍ രാഹുല്‍ഗാന്ധിയും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

“ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കണം. ക്ഷേത്രം സന്ദർശിക്കാൻ കഴിയാത്തവിധം ഞാൻ എന്ത് കുറ്റമാണ് ചെയ്തത്? പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല, ക്ഷേത്രത്തിൽ പ്രാർത്ഥിക്കുക മാത്രമാണ് ലക്ഷ്യം”-രാഹുൽ പറഞ്ഞു. ‘ആർക്കൊക്കെ ക്ഷേത്രം എപ്പോൾ സന്ദർശിക്കണമെന്ന് പ്രധാനമന്ത്രി മോദി ഇനി തീരുമാനിക്കുമോ?’ എന്നും രാഹുൽ ഗാന്ധിചോദിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയെ ക്ഷേത്രം സന്ദർശിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് നാടകീയ രംഗങ്ങൾ അരങ്ങേറി. പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.