ബിൽക്കിസ് ബാനോ കേസ്: സമയ പരിധി അവസാനിക്കാനിരിക്കെ പ്രതികൾ കീഴടങ്ങി

ല്ലാ പ്രതികളും ജനുവരി 21-നകം ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കീഴടങ്ങാൻ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികൾ ഉന്നയിച്ച കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

0
222

ഗുജറാത്ത്: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളും ഗുജറാത്തിലെ ഗോധ്ര സബ് ജയിലിൽ ഇന്നലെ ഹാജരായി. സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഞായറാഴ്ച വൈകുന്നേരം ഹാജരായത്. രാത്രി 11.30നാണ് പ്രതികൾ ഗോധ്ര സബ് ജയിലിൽ എത്തിയത്. ഞായറാഴ്ച രാത്രിയോടെ 11 പ്രതികളും ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങി എന്ന് പ്രാദേശിക ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എൻ എൽ ദേശായി വാർത്താ ഏജൻസിയായ പിടിഐയോട് പങ്കുവെച്ചു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികൾ സമർപ്പിച്ച ഹർജി ജനുവരി 19നാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ പ്രതികളും ജനുവരി 21-നകം ജയിൽ അധികൃതർക്ക് മുമ്പാകെ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കീഴടങ്ങാൻ സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികൾ ഉന്നയിച്ച കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

കീഴടങ്ങുന്നത് നീട്ടിവെക്കാനും ജയിലിലേക്ക് തിരികെ റിപ്പോർട്ട് ചെയ്യാനും അപേക്ഷകർ മുന്നോട്ട് വെച്ച കാരണങ്ങൾ ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് അവരെ ഒരു തരത്തിലും തടയുന്നതല്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങൾ, മകന്റെ വിവാഹം, ശൈത്യകാല വിളവെടുപ്പ് എന്നിവയായിരുന്നു കുറ്റവാളികൾ പറഞ്ഞ ചില കാരണങ്ങൾ.

ഞായറാഴ്ച കീഴടങ്ങിയതിന് ശേഷം പ്രതികൾക്ക് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാനുള്ള അവസരമുണ്ട്. വിചാരണ നടന്നത് മഹാരാഷ്ട്രയിലായതിനാൽ അവിടുത്തെ സർക്കാരിന് മുമ്പാകെ പുതിയ ഇളവിനും പ്രതികൾ അപേക്ഷ നൽകിയേക്കും.