നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ ആന്ധ്ര പ്രദേശ് സ്വദേശിയായ ബിടെക് ബിരുദധാരി അറസ്റ്റ് ചെയ്തു . 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. തെക്കേന്ത്യയിൽ നിന്നാണ് പ്രതിയെ ദില്ലി പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ദില്ലി പൊലീസിന്റെ പ്രത്യേക സെൽ കേസ് എടുത്തത്. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടിയാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
രശ്മികയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട 500-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിന് ശേഷമാണ് ദില്ലി പോലീസ് നവീനിലേക്ക് എത്തിയത് എന്നാണ് വിവരം. കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ നടി രശ്മിക മന്ദനയുടെ മുഖം മോർഫ് ചെയ്ത് ചേര്‍ത്താണ് വീഡിയോ പ്രചരിപ്പിച്ചത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്യൂവെന്‍സറുടെ വീഡിയോ വച്ചാണ് രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ തയ്യാറാക്കിയത്.
വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായിരുന്നു. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി. സംഭവം വിവാദമായതോടെ നവീന്‍ വീഡിയോ നീക്കം ചെയ്യുകയും ഇന്‍സ്റ്റഗ്രാം ചാനലിന്റെ പേര് മാറ്റുകയും ചെയ്തു. കൂടാതെ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെയുള്ള തന്റെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് നവീന്‍, വീഡിയോയും അനുബന്ധ ഫയലുകളും ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ജോലി ചെയ്യുകയാണ് അറസ്റ്റിലായ നവീൻ.
രശ്മികയുടെ ഡീപ്പ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.