മലപ്പുറം: പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില (25) യുടെ മരണത്തിൽ ഭർതൃപിതാവ് മദാരി അബൂബക്കർ ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. മദാരി അബൂബക്കർ തഹ്ദിലയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഏഴു മണി വരെ തഹ്ദില സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്. തഹ്ദിലയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി.